ഖത്തറില്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ഈദുല്‍ ഫിത്വര്‍ അവധിക്ക് തുടക്കമായി. ഈ മാസം 16നാണ് ഇനി പ്രവര്‍ത്തി ദിനം. അടിയന്തര സേവനങ്ങള്‍ നല്‍കുന്ന മന്ത്രാലയങ്ങള്‍ സമയം പുനഃക്രമീകരിച്ചു. ഏപ്രില്‍ 7 മുതലാണ് ഈദുല്‍ ഫിത്വര്‍ പൊതു അവധി തുടങ്ങുന്നതെങ്കിലും വെള്ളിയും ശനിയും വാരാന്ത്യ അവധിയായതിനാല്‍ ഇന്ന് ഉച്ചയോടെ തന്നെ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന അവധിക്ക് തുടക്കമായി. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും പൊതുസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 7 മുതല്‍ 15 വരെയാണ് അമീരി ദിവാന്‍ കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചത്.
ജനങ്ങള്‍ക്ക് അടിയന്തര സേവനങ്ങള്‍ നല്‍കുന്ന ആഭ്യന്തര മന്ത്രാലയം,പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. വിവിധ അടിയന്തര സേവനങ്ങള്‍ക്കുള്ള ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിഭാഗങ്ങള്‍ രാവിലെ എട്ട് മണിമുതല്‍ ഉച്ചയ്ക്ക് 12 വരെ പ്രവൃത്തിക്കും. പാസ്‌പോര്‍ട്ട്, ട്രാഫിക്, യാത്രാ രേഖകള്‍ തുടങ്ങിയവയ്ക്കുള്ള വിഭാഗങ്ങളില്‍ ഈ സമയങ്ങളില്‍ സേവങ്ങള്‍ ലഭിക്കും.അതേസമയം സുരക്ഷാ വകുപ്പുകളും ട്രാഫിക് അന്വേഷണ വിഭാഗവും 24 മണിക്കൂറും പ്രവര്‍ത്തിക്കും.
ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിനു കീഴിലെ 31 ആരോഗ്യ കേന്ദ്രങ്ങളില്‍ 20 എണ്ണം അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും.രാവിലെ 7 മണിമുതല്‍ രാത്രി 11 വരെ ഈ കേന്ദ്രങ്ങളിലെ ഫാമിലി മെഡിസിന്‍ വിഭാഗവും അനുബന്ധ സേവനങ്ങളും പ്രവര്‍ത്തിക്കും. ദന്തപരിചരണവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ രാവിലെ 7 മുതല്‍ രാത്രി 10 മണിവരെ ഉപയോഗപ്പെടുത്താം.വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ കേന്ദ്രമായ ഫഹസിന്റെ അവധി ദിവസങ്ങളിലെ പ്രവര്‍ത്തന സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്.. അല്‍ മസ്‌റൂഹ്, മെസൈമീര്‍ ഫഹസ് കേന്ദ്രങ്ങള്‍ ഈദിന്റെ ആദ്യ ദിവസവും വെള്ളിയാഴ്ചയും അവധിയായിരിക്കും.
മറ്റ് അവധി ദിവസങ്ങളില്‍ അല്‍ മസ്‌റൂഹ് സ്റ്റേഷന്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കും. അതേസമയം കേന്ദ്രത്തിലേക്കുള്ള ഗേറ്റുകള്‍ അരമണിക്കൂര്‍ മുന്‍പ് 4.30ന് അടയ്ക്കും. മെസൈമീര്‍ സ്റ്റേഷന്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ പ്രവര്‍ത്തിക്കും. ഗേറ്റുകള്‍ ഉച്ചയ്ക്ക് 12.30 അടയ്ക്കും. ട്രാഫിക് സേവനങ്ങള്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.