റിയാദ് : സൗദി അറേബ്യയിൽ റംസാൻ 30 തികച്ച് തിങ്കളാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. റിയാദിലുൾപ്പെടെ രാജ്യത്തെ എല്ലാ ഭാഗങ്ങളിലും മതകാര്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ പെരുന്നാൾ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. റിയാദ് നഗരത്തിൽ വിവിധ ഭാഗങ്ങളിലായി 1,645 പള്ളികളിലും 10 ഈദ് ഗാഹുകളിലുമാണ് പെരുന്നാൾ നമസ്കാരം.
ഷിഫ, സുവൈദി, അൽഫർയാൻ, പഴയ മൻഫുഅ, റബുഅ, അൽമസാന, അൽഫവാസ്, അൽഹായ്ർ, മൻഫുഅ തുടങ്ങിയ ഇടങ്ങളിലാണ് തുറന്ന മൈതാനത്ത് ഈദ് ഗാഹുകൾ ഒരുക്കുന്നത്. പുലർച്ചെ 5.33 നാണ് റിയാദിൽ നമസ്കാരം. ബാക്കിയുള്ള സ്ഥലങ്ങളിലെ പെരുന്നാൾ നമസ്കാരം ഇനി പറയുന്നു. ദമ്മാം: 5.16, മക്ക: 6.04, മദീന: 6.01, അബഹ: 5.59, തബൂക്ക്: 6.08, ഹാഇൽ: 5.49, ബുറൈദ: 5.41, അറാർ: 5.45, ജീസാൻ: 5.59, നജ്റാൻ 5.52, അൽബാഹ: 6.00, സകാക: 5.51.