റായ്പൂർ: ഛത്തീസ്‍ഗഡിൽ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ എട്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇവരിൽ നിന്ന് എട്ട് ആയുധങ്ങളും പിടിച്ചെടുത്തു. ബിജാപൂർ ജില്ലയിലെ നാരായൺപൂരിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാവിലെ 11 മണി മുതലായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. ഛത്തിസ്‌ഗഡ് പൊലീസും സ്പെഷ്യൽ ടാസ്ക് ഫോസും സംയുക്തമായി ചേർന്നാണ് ദൗത്യം നിർവഹിച്ചത്.
ഏറ്റുമുട്ടലിൽ കഴിഞ്ഞ ദിവസം ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്നായിരുന്നു സുരക്ഷാസേന അറിയിച്ചിരുന്നത്. എന്നാൽ രണ്ടാം ദിവസം രാവിലെ ദൗത്യം അവസാനിപ്പിച്ച് സുരക്ഷാസേന മടങ്ങി വരുമ്പോൾ വീണ്ടും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ ഉണ്ടാവുകയായിരുന്നു. ഈ ഏറ്റുമുട്ടലിലാണ് ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടത്. ഒരു യുവതിയാണ് അവസാനം കൊല്ലപ്പെട്ടത്. മടങ്ങി വരികയായിരുന്ന എസ്.ടി.എഫ് അംഗങ്ങൾക്ക് നേരെ മാവോയിസ്റ്റുകൾ വെടിവെയ്ക്കുകയായിരുന്നു. സുരക്ഷാ സേന തിരിച്ചും വെടിവെച്ചു. പിന്നീട് സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് യൂണിഫോം ധരിച്ച സ്ത്രീയുടെ മൃതദേഹം ഇവിടെ നിന്ന് കണ്ടെത്തിയതെന്ന് സൗത്ത് ബസ്തർ ഡിഐജി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്ഥലത്ത് സുരക്ഷാസേന പരിശോധന തുടരുകയാണ്. ഈ ഏറ്റുമുട്ടലോടെ ഛത്തീസ്ഗഡിൽ ഈ വർഷം കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 113 ആയി.