തലശ്ശേരി: ദേശീയപാതയിൽ ജില്ല കോടതിയുടെ പുതിയ എട്ടുനില കെട്ടിട നിര്‍മാണം അവസാനഘട്ടത്തിൽ. ഇലക്ട്രിക്, പ്ലംബിങ് എന്നിവയുടെ പ്രവൃത്തികളാണ് നിലവില്‍ നടക്കുന്നത്. ഫര്‍ണിച്ചര്‍ വാങ്ങാനുള്ള ടെന്‍ഡര്‍ ഹൈകോടതിയില്‍ അപേക്ഷ നല്‍കി. തേപ്പുജോലികളും പൂർത്തിയായിവരുന്നു. നിർമാണം പൂർത്തിയായ ഭാഗങ്ങളിൽ പെയിന്റിങ് ജോലികളും തുടങ്ങി. മാർച്ച് അവസാനത്തോടെ നിർമാണം പൂർത്തിയാകും.
ഏപ്രിലില്‍ ഉദ്ഘാടനം നടത്താനാകുമെന്നാണ് പ്രതീക്ഷ. പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജിയുടെ മേൽനോട്ടത്തിലാണ് നിർമാണ പുരോഗതികൾ വിലയിരുത്തുന്നത്.ജില്ല കോടതി ബാർ അസോസിയേഷൻ ഭാരവാഹികളും പ്രവൃത്തിക്ക് വേഗം കൂട്ടാൻ കർമനിരതരായുണ്ട്. കിഫ്ബി ഫണ്ടില്‍ നിന്ന് 60 കോടി രൂപയാണ് കെട്ടിട നിര്‍മാണത്തിനായി വകയിരുത്തിയത്. 1,47.025 സ്ക്വയർഫീറ്റ് ഏരിയയിൽ നിർമാൻ കൺസ്ട്രക്ഷൻസാണ് കെട്ടിട നിർമാണം നടത്തുന്നത്.
രണ്ടുവർഷം മുമ്പാണ് പ്രവൃത്തി ആരംഭിച്ചത്. കോടതി കെട്ടിടമായതിനാൽ ദ്രുതഗതിയിലാണ് നിർമാണം നടക്കുന്നത്. ജില്ല കോടതിയും മുന്‍സിഫ് കോടതിയും തലശ്ശേരിയുടെ പൈതൃകമായി പഴയ കെട്ടിടത്തിൽ തന്നെ നിലനിർത്തും. മറ്റു കോടതികള്‍ പുതിയ കെട്ടിടത്തിലേക്ക് മാറും. പൈതൃക കോടതികള്‍ അതേപടി നിലനിര്‍ത്തിയാണ് പ്രവൃത്തി നടക്കുന്നത്.
കോടതി ഹാളുകള്‍, ന്യായാധിപര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കുള്ള മുറികള്‍, അഭിഭാഷകർക്ക് ആവശ്യമായ ലൈബ്രറി, വിശ്രമമുറികള്‍, വനിത അഭിഭാഷകര്‍ക്കായുള്ള മുറി എന്നിവയും പുതിയ കെട്ടിടത്തിലുണ്ടാകും.കൂടാതെ വാഹനപാര്‍ക്കിങ് സൗകര്യം, കാന്റീന്‍, പോസ്‌റ്റോഫിസ്, ബാങ്കിങ് സൗകര്യം എന്നിവയും ഏര്‍പ്പെടുത്തും. ബഹുനില കെട്ടിടം വരുന്നതോടുകൂടി എല്ലാം ഒരു കുടക്കീഴിലാകും.