അവധിക്കാലത്തിന് ശേഷം രാജ്യത്തെ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു. ഇതിനിടെയാണ് മധ്യപ്രദേശിലെ ബുന്ദേൽഖണ്ഡിലെ സാഗർ ജില്ലയിലെ അധ്യാപക – വിദ്യാര്‍ത്ഥി അനുപാതത്തിലെ അസന്തുലിതാവസ്ഥ വാര്‍ത്തയാകുന്നത്. ജില്ലയിലെ 45 സ്കൂളുകളിൽ ഒരു സ്ഥിരാധ്യാപകൻ പോലുമില്ല. അതേസമയം സാഗർ പട്ടണത്തിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെയുള്ള ജിൻഡ ഗ്രാമത്തിലെ ഒരു സ്കൂളിൽ ഒമ്പത് വിദ്യാർത്ഥികൾക്ക് എട്ട് സ്ഥിരം അധ്യാപകരാണുള്ളത്. വിദ്യാർത്ഥികളുടെ എണ്ണം കുറവായതിനാൽ അഞ്ച് വർഷം മുമ്പ് അടച്ചുപൂട്ടാൻ ശുപാർശ ചെയ്തിട്ടും ഇപ്പോഴും പ്രവര്‍ത്തിക്കുന്ന രണ്ട് സ്കൂളാണ് ജിന്‍ഡ ഗ്രാമത്തിലുള്ളത്. ഇവിടെയുള്ള പ്രൈമറി സ്കൂളിൽ ആറ് വിദ്യാർത്ഥികൾക്ക് മൂന്ന് അധ്യാപകരും അടുത്തുള്ള സെക്കൻഡറി സ്കൂളിൽ വെറും മൂന്ന് വിദ്യാർത്ഥികൾക്ക് അഞ്ച് അധ്യാപകരുമാണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നേടിയ നിയമനങ്ങള്‍.
അതേസമയം, 20 കുട്ടികളില്‍ താഴെയുള്ള സ്കൂളുകൾ അടച്ചുപൂട്ടി, വിദ്യാർത്ഥികളെ സമീപ സ്കൂളുകളിലേക്ക് മാറ്റാനാണ് വിദ്യാഭ്യാസ ഇൻസ്പെക്ടറേറ്റിൽ നിന്നുള്ള നിര്‍ദ്ദേശം. എന്നാല്‍, ഇതിന് വിരുദ്ധമായി സ്കൂളില്‍ നാല് പുതിയ അദ്ധ്യാപക തസ്തികകൾ കൂട്ടി ചേര്‍ക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്തത്. 60-70 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള ഈ ജീവനക്കാര്‍, വകുപ്പിന് വരുത്തിവയ്ക്കുന്ന സാമ്പത്തിക ബാധ്യത ഏറെ വലുതാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇത്തരം നിയമനങ്ങള്‍. അതേസമയം സ്വകാര്യ സ്കൂളുകളുടെ വരവോടെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പുതുതായി ഒരു കുട്ടി പോലും പ്രദേശത്തെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാഗര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളിലെല്ലാം ഇത്തരത്തില്‍ അധ്യാപക വിദ്യാര്‍ത്ഥി അനുപാതത്തില്‍ വലിയ അന്തരമുണ്ട്. ജില്ലയില്‍ 10 വിദ്യാർത്ഥികൾക്ക് 13 അധ്യാപകരുള്ള സ്കൂളുകള്‍ ഉള്ളപ്പോള്‍ സ്ഥിരം അധ്യാപകരില്ലാത്ത സ്കൂളുകളിലേക്കായി 2,870 ഗസ്റ്റ് അധ്യാപകരെ നിയമിച്ചിട്ടുണ്ട്. ഒപ്പം അനാവശ്യമായി 1,446 സൂപ്പർ ന്യൂമററി അധ്യാപകരെയും നിയമിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സംഗതി വിവാദമായപ്പോള്‍ ഉടന്‍ തിരുത്തല്‍ നടപടിയുണ്ടാകും എന്നാണ് സാഗർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അരവിന്ദ് ജെയിൻ മാധ്യമങ്ങോട് പറഞ്ഞത്. സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പിനായി അധ്യാപകരെ നഗരങ്ങളിലേക്ക് മാറ്റിയതും രാഷ്ട്രീയ നേതൃത്വത്തിന്‍റെ സ്വാധീനം ഉപയോഗിച്ച് അധ്യാപകര്‍ നഗരങ്ങളിലെ സ്കൂളുകളിലേക്ക് സ്ഥലംമാറ്റം വാങ്ങി പോയതുമാണ് പ്രദേശിക സ്കൂളുകളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.