നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഇന്ന് ഹൃദ്രോഗം മാറി കഴിഞ്ഞു. ചെറുപ്പക്കാരില്‍ പോലും ഇപ്പോള്‍ ഹൃദ്രോഗം കാണപ്പെടുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും.
അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിതവണ്ണം തുടങ്ങിയവയുടെ ഒക്കെ ഫലമാണ് പലപ്പോഴും ഹൃദയത്തെ ബാധിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും.
ഹൃദയാരോഗ്യത്തിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
ഹൃദയത്തിന്‍റെ നല്ല ആരോഗ്യത്തിന് ഭക്ഷണക്രമത്തിലും പ്രത്യേകം ശ്രദ്ധ വേണം. ഹൃദയത്തിന്‍റെ ആരോഗ്യത്തിനായി ശരിയായ ഭക്ഷണരീതി പിന്തുടരുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം. നിത്യേനയുള്ള ഭക്ഷണക്രമത്തില്‍ ധാരാളം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക. അതുപോലെ തന്നെ, ഹൃദയാരോഗ്യത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ഭക്ഷ്യധാന്യങ്ങളോ, മുഴുധാന്യങ്ങളിളോ കൂടുതലായി കഴിക്കണം. നാരുകള്‍ക്ക് പുറമെ, ഒമേഗ 3 അടങ്ങിയ ഭക്ഷണവും, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക.
രണ്ട്…
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, പാക്കറ്റ് ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ് തുടങ്ങിയവ പരമാവധി ഒഴിവാക്കുന്നതാണ് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലത്.
മൂന്ന്…
മധുരപലഹാരങ്ങളും മിതമായ രീതിയില്‍ കഴിക്കുന്നതാണ് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലത്.
നാല്…
വെള്ളം ധാരാളം കുടിക്കുക. ഇത് ഹൃദയത്തിന്‍റെയും ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.
അഞ്ച്…
പുകവലി ഉപേക്ഷിക്കുക. പുകവലിക്കാത്തവര്‍ പുകവലിക്കുന്നവരുടെ അടുത്തു നിന്ന് മാറിനില്‍ക്കാനും ശ്രദ്ധിക്കുക. കാരണം പാസീവ് സ്‌മോക്കിങ് മൂലമുള്ള ഹൃദ്രോഗനിരക്ക് ഏറിവരുന്നതായാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുകവലി ഹൃദയത്തെ മാത്രമല്ല, മറ്റ് അവയവങ്ങളെയും മോശമായി ബാധിക്കും.
ആറ്…
മദ്യപാനം അമിതമായാല്‍, രക്തത്തിലെ ട്രൈഗ്ലിസറൈഡിന്‍റെ അളവ് കൂടും. ഇത് ഹൃദ്രോഗത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്. അതിനാല്‍ മദ്യപാനം ഒഴിവാക്കുക.
ഏഴ്…
ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക. അത് നടത്തമോ ഓട്ടമോ എന്തും ആകാം. ഓഫീസിലെയും വീട്ടിലെയും പടികൾ കയറുകയും ഇറങ്ങുകയുമൊക്കെ ചെയ്യാം. വ്യായാമം അമിതമാകാതിരിക്കാനും ശ്രദ്ധിക്കുക.
എട്ട്…
സ്ട്രെസ് നിയന്ത്രിക്കുന്നത് ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. സ്ട്രെസ് കുറയ്ക്കാന്‍ ശ്വസന വ്യായാമങ്ങളും ധ്യാനവും യോഗയുമൊക്കെ ശീലമാക്കാം.