മുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ 164 പേരുടെ പിന്തുണയാണ് ഷിൻഡെക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തേക്കാൾ 20 വോട്ട് അധികം ഷിൻഡെക്ക് ലഭിച്ചു.
288 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 106 എം.എൽ.എമാരുണ്ട്. ഒരു ശിവസേന എംഎൽഎയുടെ മരണത്തോടെ ആകെ അംഗസംഖ്യ 287 ആയി. ഇതോടെ വിശ്വാസവോട്ടെടുപ്പ് ജയിക്കാൻ 144 വോട്ടുകളാണ് വേണ്ടത്. 39 ശിവസേന വിമതർ അടക്കം 50 പേരുടെ പിന്തുണയുണ്ടെന്നാണ് ഷിൻഡെ വിഭാഗം അവകാശപ്പെട്ടിരുന്നത്.
രാവിലെ സഭ സമ്മേളിച്ചതിനു പിന്നാലെയാണ് വോട്ടെടുപ്പ് നടന്നത്. കോണ്‍ഗ്രസ് എം.എൽ.എമാരായ അശോക് ചവാര്‍, വിജയ് വഡേട്ടിവാര്‍ എന്നിവര്‍ സഭയില്‍ എത്തിയിരുന്നില്ല. ബി.ജെ.പി അംഗം രാഹുൽ നർവാക്കർ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതോടെ വിശ്വാസവോട്ടെടുപ്പ് ജയിക്കാനാകുമെന്ന് ഉറപ്പിച്ചതാണ് ഷിൻഡെ പക്ഷം.
വിപ്പ് ലംഘിച്ചെന്നാരോപിച്ച് ഉദ്ധവ് താക്കറെ പക്ഷത്തെ16 എം.എൽ.എമാരെ സസ്‍പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ശിവസേന ചീഫ് വിപ്പ് ഭാരത് ഗോഗവാലെ നിയമസഭ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. ഇവരെ സസ്‍പെൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്.
ബി.ജെ.പി അംഗം രാഹുൽ നർവാക്കർ മഹാരാഷ്ട്ര സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് 16 എം.എൽ.എമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ശിവസേനയിലെ വിമതപക്ഷം നോട്ടീസ് നൽകിയത്. സ്പീക്കറായതിനു പിന്നാലെ നർവാക്കർ, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ ശിവസേനയുടെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. ഉദ്ധവിന് തിരിച്ചടി നൽകി ഭാരത് ഗോഗവാലയെ ശിവസേനയുടെ ചീഫ് വിപ്പായും തെരഞ്ഞെടുത്തു.