മുംബൈ: ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി ശിവസേന വിമതനേതാവ് ഏക്നാഥ് ഷിൻഡെ. വിഡിയോ കൺഫറൻസിനാണ് സമയം തേടിയത്. ഷിൻഡെയ്ക്ക് പിന്തുണ അറിയിച്ച് 34 എംഎൽഎമാർ ഗവർണർക്ക് കത്തു നൽകി. ശിവസേന നേതൃത്വത്തിന്റെ അന്ത്യശാസനം വിമതർ തള്ളി. വൈകിട്ട് ഔദ്യോഗിക വസതിയില്‍ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാനായിരുന്നു നിർദേശം. അതേ സമയം, ബിജെപി മഹാരാഷ്ട്ര അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ ഗുവാഹത്തിയിലേക്ക് പുറപ്പെട്ടു.
ഇതിനിടെ, ശിവസേന നിയമസഭാകക്ഷിയുടെ മുഖ്യപ്രതിനിധിയായി തനിക്കൊപ്പമുള്ള ഭരത് ഗോഗവാലെയെ നിയമിച്ചതായി ഷിന്‍ഡെ ട്വിറ്ററില്‍ കുറിച്ചു. യോഗത്തിനെത്താന്‍ എംഎല്‍എമാര്‍ക്ക് സുനില്‍ പ്രഭു നല്‍കിയ നിര്‍ദേശം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഷിന്‍ഡെയുടെ ട്വീറ്റില്‍ പറയുന്നു. വിമതനീക്കവുമായി ശിവസേനാ മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും എംഎല്‍എമാരും ഗുജറാത്തിലെ സൂറത്തിലേക്കു പോയതോടെയാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഗുരുതര പ്രതിസന്ധിയിലായത്. ഷിന്‍ഡെയും കൂട്ടരും പിന്നീട് ഗുവാഹത്തിയിലേക്കു മാറി. ശിവസേനയിലെ 40 എംഎല്‍എമാരുടെയും ആറ് സ്വതന്ത്രരുടെയും പിന്തുണ തനിക്കുണ്ടെന്നു ഷിൻഡെ അവകാശപ്പെട്ടു.
വിമത ക്യാംപില്‍നിന്ന് തിരിച്ചെത്തിയ മൂന്നു പേരടക്കം എല്ലാ എംഎൽഎമാരെയും ശിവസേന മുംബൈയിലെ റിസോർട്ടിലേക്ക് മാറ്റി. കഴിഞ്ഞദിവസത്തെ നിയമനിര്‍മാണ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഒരുവിഭാഗം ശിവസേനാ എംഎല്‍എമാരുടെ പിന്തുണയോടെ ബിജെപിക്ക് ഒരു സീറ്റില്‍ അപ്രതീക്ഷിത വിജയം ലഭിച്ചതിനു പിന്നാലെയാണു പുതിയ നീക്കം ഉണ്ടായത്.