കൊച്ചി: വൈദ്യുതി ബോര്‍ഡിലെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് ചെയര്‍മാനാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. ചെയര്‍മാന്‍ പരിഹരിച്ചില്ലെങ്കില്‍ മന്ത്രി ഇടപെടും. പരിഹരിക്കാനാകാത്ത പ്രശ്നങ്ങളൊന്നും കെഎസ്ഇബിയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു രംഗത്തെത്തി. മുന്നണി മര്യാദ ഓർത്തിട്ടാണ് കൂടുതൽ ഒന്നും പറയാത്തതെന്നു വൈദ്യുതി ഭവനു മുന്നിലെ കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന്റെ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ പറഞ്ഞു.
നിലവിലെ പ്രശ്നങ്ങൾ കെഎസ്ഇബി ബോർഡ് ചെയർമാൻ ചർച്ച ചെയ്യുമെന്നും, മന്ത്രിതല ചർച്ചയിലെന്നുമുള്ള മന്ത്രിയുടെ നിലപാട് പരിഹാസ്യമാണ്. വകുപ്പിനെക്കുറിച്ച് അറിയില്ലെങ്കിൽ ഇട്ടിട്ടു പോകണം. ചെയർമാനെതിരെ മന്ത്രി നടപടിയെടുക്കുന്നില്ല. അതുകൊണ്ട്, കൊതുമ്പിനു മുകളിലാണ് പാലക്കാട് കൊച്ചങ്ങ വളരുന്നതെന്ന സംശയമുണ്ടെന്നും കെ.എസ്.സുനിൽകുമാർ പറഞ്ഞു.എന്നാൽ പിന്നീട് മന്ത്രിക്കെതിരായ പരാമർശം സിഐടിയു തിരുത്തി. ഇട്ടിട്ടുപോകണമെന്ന് പറഞ്ഞില്ലെന്നും വകുപ്പ് ഭരിക്കുന്നത് ചെയർമാനാണോ മന്ത്രിയാണോ എന്ന് വ്യക്തമാക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും സുനിൽകുമാർ പറഞ്ഞു. മന്ത്രിക്ക് മുകളിലാണോ ചെയർമാൻ എന്ന ആശങ്കയാണ് പങ്കുവച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.