പത്തനംതിട്ട : ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതികളിലൊരാളായ ലൈല അന്ധവിശ്വാസിയായിരുന്നെന്ന് സഹോദരൻ. ഇതുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങളോടെയാണ് താനും സഹോദരിയും തമ്മിൽ അകന്നതെന്നും സഹോദരൻ വെളിപ്പെടുത്തി.
”രണ്ട് വര്‍ഷം മുമ്പാണ് ലൈലയുടേയും എന്റെയും അമ്മ മരിക്കുന്നത്. അമ്മയുടെ സഞ്ചയനത്തിന് ശേഷം ലൈല എന്നെ ഫോണിൽ വിളിച്ചു. അമ്മ മരിച്ചതിന് ചില ദോഷങ്ങളുണ്ട്. അതിന് ചില പരിഹാര കര്‍മ്മങ്ങൾ ചെയ്തില്ലെങ്കിൽ ഒരു അഞ്ച് മരണങ്ങൾ കൂടി സംഭവിക്കുമെന്ന് പറഞ്ഞു. എനിക്ക് വിശ്വാസമില്ലെന്നും പൂജ നടത്തേണ്ടെന്നുമാണ് ഞാൻ മറുപടി നൽകിയത്. ഞാൻ എതിർത്തതോടെ ലൈല തന്നോട് പിണക്കത്തിലായി. ഇതിന് ശേഷം കഴിഞ്ഞ രണ്ട് വർഷമായി സഹോദരിയുമായി ബന്ധമില്ല.
എന്നാൽ ഞാനെതിത്തെങ്കിലും അതിന് ശേഷം ലൈലയും ഭര്‍ത്താവും മകനും എന്റെ ജേഷ്ഠനും ചേര്‍ന്ന് പൂജ നടത്തി. ഞാനതിൽ പങ്കെടുത്തില്ല. അതിന് ശേഷമാണ് തമ്മിൽ ബന്ധമില്ലാതായത്. ലൈലക്കൊപ്പം തന്നെ അന്ധവിശ്വാസിയായിരുന്നു ഭർത്താവ് ഭഗവൽ സിംഗും.എപ്പോഴും സർവാഭരണങ്ങളുമിട്ടാണ് ലൈല നടന്നിരുന്നത്. അവരുടെ വീട്ടിൽ ഒന്നും ഇത് സംബന്ധിച്ച സൂചനകൾ ഇല്ലാരുന്നു. കേസ് അന്വേഷണം നല്ല രീതിയിൽ മുന്നോട്ട് പോകണമെന്നാണ് ആവശ്യപ്പെടാനുള്ളത്”. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ നൽകണമെന്നും സഹോദരൻ ആവശ്യപ്പെട്ടു.