കൊച്ചി ∙ നരബലിക്കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷാഫി സെക്സ് റാക്കറ്റ് കണ്ണിയാണോയെന്ന് അന്വേഷിക്കുമെന്ന് കൊച്ചി ഡിസിപി എസ്.ശശിധരൻ. ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളതെന്ന് ഡിസിപി വ്യക്തമാക്കി. ഷാഫിയുടെ ദുരൂഹ ഇടപാടുകൾ പരിശോധിക്കും. സ്ത്രീകളെ ഷാഫി കൂട്ടിക്കൊണ്ടു പോയത് മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമാണെന്നും ഡിസിപി പറഞ്ഞു.‘‘ഷാഫി യാതൊരു കൂസലുമില്ലാത്ത കൊടും ക്രിമിനലാണ്. സംഭവത്തിൽ കൂടുതൽ പരാതികൾ ലഭിച്ചിട്ടില്ല. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ വ്യക്തമാകാനുണ്ട്. എല്ലാം അന്വേഷിച്ചു വരികയാണ്. നിലവിൽ കേസിൽ മൂന്നു പേർക്കെതിരെയാണ് തെളിവ് ലഭിച്ചിരിക്കുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ മറ്റു കാര്യങ്ങൾ പുറത്തുവരും. ഭഗവൽ സിങ്– ലൈല ദമ്പതികൾക്കെതിരെ മറ്റു പരാതികൾ ഇതുവരെയില്ല’’ – ഡിസിപി പറഞ്ഞു.