കൊച്ചി : ആഭിചാരക്കൊലക്കേസ് മുഖ്യപ്രതി മുഹമ്മദ് ഷാഫി ഉപയോഗിച്ച മൊബൈൽ ഫോണിനായി പൊലീസ് ഊർജിത അന്വേഷണം ആരംഭിച്ചു. കൊലപാതകം ആസൂത്രണം ചെയ്യാൻ ‘ശ്രീദേവി’ എന്ന പേരിൽ ഷാഫി വ്യാജ ഫെയ്‌സ്‌ബുക് അക്കൗണ്ട് ഉണ്ടാക്കിയത് ഭാര്യയുടെ പേരിലുള്ള മൊബൈൽ ഫോണിലായിരുന്നു. ഈ ഫോൺ നശിപ്പിച്ചെന്നാണ് ഷാഫി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
താനും ഷാഫിയുമായി വീട്ടിൽ വഴക്കുണ്ടായെന്നും അതിനിടെ ഫോൺ നശിപ്പിച്ചെന്നുമാണ് ഭാര്യ നഫീസ പൊലീസിന് നൽകിയ മൊഴി. എന്നാൽ, രണ്ട് മൊഴികളും പൊലീസ് വിശ്വസിച്ചിട്ടില്ല. കേസിൽ നിർണായക തെളിവായ ഫോൺ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഒട്ടേറെ ക്രിമിനൽസംഘങ്ങളുമായി ബന്ധമുള്ള ഷാഫി ഫോൺ നശിപ്പിക്കാൻ സാധ്യതയില്ലെന്നും പൊലീസ് കരുതുന്നു.
കൊലപാതകം ആസൂത്രണം ചെയ്യാൻ മറ്റാരുടെയെങ്കിലും സഹായം കിട്ടിയോ എന്നതിൽ വ്യക്തത വരുത്തണമെങ്കിൽ ഈ ഫോൺ കിട്ടേണ്ടതുണ്ട്. കുറ്റകൃത്യങ്ങളിലേർപ്പെടുമ്പോൾ ഷാഫി ഫോൺ ഓഫാക്കുകയാണ് പതിവ്. പത്മയെ കൊണ്ടുപോകുമ്പോഴും ഫോൺ ഓഫായിരുന്നു. പത്മയുടെ ഫോൺ ലൊക്കേഷൻ നോക്കിയാണ് ഇലന്തൂരിൽ ഇവർ എത്തിയതായി പൊലീസ് കണ്ടെത്തിയത്.