കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ യാത്രക്കാർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ അപകടമുണ്ടായ രണ്ട് ബോഗികളിൽ കോഴിക്കോട് നിന്നുള്ള ഫോറൻസിക് സംഘവും കണ്ണൂരിൽ നിന്നുള്ള ഫോറൻസിക് സംഘവും പരിശോധന നടത്തുന്നു. ഡി1, ഡി2 ബോഗികളിലാണ് പരിശോധന നടത്തുന്നത്. അന്വേഷണ സംഘവും ഫോറൻസിക് സംഘത്തിനൊപ്പമുണ്ട്. റെയിൽവേ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് പരിശോധന. ബോഗികളിൽ നിന്നും കിട്ടുന്ന തെളിവുകൾ കേസിൽ നിർണായക രേഖയാവുമോ എന്നാണ് പരിശോധന. ഡി1 കോച്ചിലാണ് കൂടുതലും പെട്രോളിച്ച് കത്തിച്ചതിന്റെ പാടുകളുള്ളത്. ഒന്നുമുതൽ ആറുവരെ സീറ്റിലാണ് തീപടർന്നത്. അതേസമയം, ഡി2 കോച്ചിൽ രക്തക്കറയുമുണ്ട്. ഇത് അക്രമിയുടേതാണോ അതോ ആക്രമണത്തിൽ പരിക്കേറ്റവരുടേതാണോ എന്ന് ഫോറൻസിക് പരിശോധനക്ക് ശേഷം മാത്രമേ തിരിച്ചറിയാൻ കഴിയൂ. പരിശോധനക്കായി കോച്ചുകൾ മാറ്റിയിട്ടിരുന്നു. പരിശോധനക്ക് ശേഷം ഇന്ന് തന്നെ ഫോറൻസിക് സംഘം മടങ്ങും.