കോഴിക്കോട് : ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി കുറ്റംസമ്മതിച്ചതായി എഡിജിപി എംആർ അജിത്ത് കുമാർ. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ട്രാക്കിൽ കണ്ടെത്തിയ ബാഗ് പ്രതിയുടേത് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ ചോദ്യംചെയ്യൽ പുരോഗമിക്കുകയാണെന്നും എഡിജിപി വ്യക്തമാക്കി.
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കോടതി പതിനൊന്നു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ട് നൽകിയത്. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഇന്ന് ഹാജരാക്കിയത്. കനത്ത സുരക്ഷയിലാണ് പൊലീസ് പ്രതിയുമായി കോടതിയിലേക്കെത്തിയത്. കസ്റ്റഡിയിൽ ലഭിച്ച ശേഷം പ്രതിയെ കോടതിയിൽ നിന്നും മാലൂർക്കുന്ന് എ ആർ ക്യാമ്പിൽ എത്തിച്ച് ചോദ്യം ചെയ്യൽ ആരംഭിച്ചു.
ഇന്നലെ കരൾ സംബന്ധമായ അസുഖം കണ്ടതിനെത്തുടർന്നാണ് പരിശോധനക്കെത്തിച്ച ഷാറുഖിനെ മെഡിക്കൽ കോളേജിൽ അഡ് മിറ്റ് ചെയ്തത്. ബിലിറൂബിൻ അടക്കമുള്ള പരിശോധനകളിൽ അസ്വാഭാവികമായ കൗണ്ട് ഉണ്ടായിരുന്നുവെങ്കിലും ഇന്ന് സ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. കൈയിൽ നേരിയ പൊള്ളലേറ്റ പാടുകളുണ്ട്. ശരീരമാസകലം ഉരഞ്ഞ പാടുകളുണ്ട്. ഉത് ട്രെയിനിൽ നിന്നുള്ള വീഴ്ചയിൽ പറ്റിയതാണെന്നാണ് വിലയിരുത്തൽ. മുറിവുകൾക്ക് നാല് ദിവസത്തെ പഴക്കമുണ്ട്. കൺപോളകളിലെ മുറിവ് ഗൗരവമുള്ളതല്ല. സിടി സ്കാൻ എക്സ്റെ പരിശോധനകളിലും കുഴപ്പമില്ല.