പെരുമ്പാവൂർ ∙ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ ആരോപണമുന്നയിച്ച യുവതിക്കെതിരെ പരാതിയുമായി എംഎൽഎയുടെ ഭാര്യ. എൽദോസ് കുന്നപ്പിള്ളിയുടെ കൈവശമുണ്ടായിരുന്ന ഫോൺ യുവതി മോഷ്ടിച്ചെന്നാണ് പരാതി. ഭർത്താവിനെ ഭീഷണിപ്പെടുത്തുകയാണെന്നും വ്യാജ പരാതിയാണ് നൽകിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഭാര്യ മറിയാമ്മ എൽദോസ് കുറുപ്പംപടി പൊലീസിൽ പരാതി നൽകിയത്. ഫോൺ വീണ്ടെടുത്തു നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന അധ്യാപികയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതിന് പിന്നാലെയാണ് യുവതിക്കെതിരെ പരാതിയുമായി എല്‍ദോസിന്റെ ഭാര്യ രംഗത്തെത്തിയത്. എല്‍ദോസിന്റെ ഫോണ്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും പരാതിയിൽ പറയുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചിട്ടില്ല. എംഎല്‍എയുടെ ഫോണുകൾ സ്വിച്ച് ഓഫാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തതോടെ എല്‍ദോസ് മുന്‍കൂര്‍ ജാമ്യത്തിനായി തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി കേസ് ശനിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.