കോഴിക്കോട്: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തോല്‍വിയുടെ കാരണങ്ങള്‍ എന്താണെന്നു മനസിലാക്കി അതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചും നയപരിപാടികളില്‍ മാറ്റം വരുത്തിയും കോണ്‍ഗ്രസിന് മുന്നോട്ടു പോകാനാകും.
പരാജയം പരാജയം തന്നെയാണ്. പരാജയത്തില്‍ നിന്നും കരകയറാന്‍ സംഘടനാപരമായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. തുടര്‍ച്ചയായ രണ്ടു തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ കേരളത്തിലുമുണ്ടായി. തെരഞ്ഞെടുപ്പിന് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താത്തതാണ് പരാജയ കാരണം. പരാജയ കാരണം എന്താണെന്നു കണ്ടെത്തി വിലയിരുത്തിയാണ് കേരളത്തിലെ കോണ്‍ഗ്രസ് മുന്നോട്ടു പോകുന്നത്.
പഞ്ചാബില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ ബി.ജെ.പിയല്ല ജയിച്ചത്. ദേശീയതലത്തില്‍ സര്‍ക്കാരിനെതിരെ പല വിഷയങ്ങളും ഉണ്ടായെങ്കിലും തെരഞ്ഞെടുപ്പില്‍ അത് വോട്ടാക്കി മാറ്റാന്‍ സാധിച്ചില്ല. ജി 23 എന്ന സംവിധാനം ഇപ്പോള്‍ നിലവിലില്ല. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായില്ലെങ്കില്‍ മറ്റൊരാളെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. ആ ആവശ്യം പരിഗണിച്ചു കൊണ്ടാണ് തെരഞ്ഞെടുപ്പ് നടപടി പ്രഖ്യാപിച്ചത്. അതുകൊണ്ട് ദേശീയതലത്തില്‍ തര്‍ക്കമില്ല -സതീശൻ പറഞ്ഞു.