അമൃത്‌സർ : കോവിഡ് കേസുകൾ വർധിച്ചതോടെ കൂടുതൽ നിയന്ത്രണങ്ങളുമായി പഞ്ചാബ്. സ്കൂളുകൾ തുറക്കില്ലെന്നും രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്നും പഞ്ചാബ് സർക്കാർ ഇന്ന് പുറത്തിറക്കിയ ഉത്തരവിൽ അറിയിച്ചു. മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിനു ശേഷമാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. സ്കൂളുകൾ, കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. ക്ലാസുകൾ ഓൺ ലൈനായാവും സംഘടിപ്പിക്കുന്നത്. അതേസമയം മെഡിക്കൽ, നഴ്സിങ് കോളജുകൾ സാധാരണ ഗതിയിൽ തുറന്നു പ്രവർത്തിക്കും. രാത്രി 10 മുതൽ പുലർച്ചെ 5 വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തും. സിനിമ തിയറ്റർ, ബാർ, റസ്റ്ററന്റ്, മ്യൂസിയം, മൃഗശാലകൾ എന്നിവയിൽ 50 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
ജനുവരി 15 വരെയാണ് പുതിയ നിയന്ത്രണങ്ങൾ. സ്റ്റേഡിയം, സ്പോട്സ് കെട്ടിടങ്ങൾ, നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടും. ദേശീയ, രാജ്യാന്തര മത്സരങ്ങൾക്ക് തയാറെടുക്കുന്ന കായിക താരങ്ങൾക്ക് മാത്രമായിരിക്കും പരിശീലനം നടത്താൻ അനുമതി. രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് മാത്രമേ സർക്കാർ, സ്വകാര്യ ഓഫിസുകളിൽ ജോലി ചെയ്യാൻ സാധിക്കൂ. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ, റാലികൾ, യോഗങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിന് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. ഡിസംബർ 28ന് 51 കേസുകളാണ് പഞ്ചാബിൽ റിപ്പോർട്ട് ചെയ്തത്. ഇന്നലെ 419 കേസുകളായി ഉയർന്നു.