ദില്ലി: തെരഞ്ഞെടുപ്പുകളിലെ പണമൊഴുക്ക് തടയാന്‍ ശക്തമായ നടപടികള്‍ എടുത്തിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. 2010 -ല്‍ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് മുതല്‍ തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത് ഇനിയും തുടരുമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പുകളില്‍ ഭീമമായി പണമൊഴുക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രിക്കാന്‍ നടപടിയെടുത്തതെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.
1961 -ലെ തെരഞ്ഞെടുപ്പ് ചട്ടപ്രകാരം തെരഞ്ഞെടുപ്പിന് ചെലവഴിക്കാവുന്ന പണത്തിന് പരിധി നിശ്ചയിട്ടുണ്ട്. അതിന് പുറമേ പാര്‍ട്ടികളും നേതാക്കളും തെരഞ്ഞെടുപ്പുകളില്‍ പണം ചെലഴിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ വിശദീകരിച്ചു.അനിയന്ത്രിതമായ തെരഞ്ഞെടുപ്പ് ചെലുവുകള്‍ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ വിഭാഗം ഡയറക്ടര്‍ വിജയ് കുമാര്‍ പാണ്ഡേ നടപടികള്‍ വിശദീകരിച്ച് സത്യവാങ്ങ്മൂലം നല്‍കിയത്.
തെരഞ്ഞെടുപ്പുകളില്‍ പണത്തിന് അമിത പ്രധാന്യമുണ്ടാകുന്നതില്‍ കമ്മീഷന് കടുത്ത ആശങ്കയുണ്ടെന്നും നിശ്ചിത പരിധിക്കുമപ്പുറം പണം ചെലവഴിക്കുന്നത് തടയാന്‍ സമയോചിതമായി നടപടികള്‍ ആവര്‍ത്തിച്ച് സ്വീകരിക്കുന്നുണ്ടെന്നും സത്യവാങ്ങ്മൂലത്തില്‍ വിശദീകരിക്കുന്നു. ഇതിനായി എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സര്‍വര്‍, അസിസ്റ്റന്‍റ് എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സര്‍വര്‍, മീഡിയ സര്‍വൈലന്‍സ് ടീം, അക്കൗണ്ടിംഗ് ടീം, കംപ്ലയന്‍റ് മോണിട്ടറിംഗ്, കാള്‍ സെന്‍റര്‍, മീഡിയ സര്‍ട്ടിഫിക്കേഷന്‍, മോണിട്ടറിംഗ് കമ്മിറ്റി, ഫ്‌ളൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവ രൂപീകരിച്ചിട്ടുണ്ട്.
കൂടാതെ, തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഏറ്റവും കൂടുതല്‍ പണം ഒഴുകുന്ന മണ്ഡലങ്ങള്‍ തിരിച്ചറിഞ്ഞ് കര്‍ശന നിരീക്ഷണം നടത്തുന്നുണ്ടെന്നും അതോടൊപ്പം അക്കൗണ്ടിംഗ് ടീം സ്ഥാനാര്‍ത്ഥികളുടെ ചെലവുകള്‍ രഹസ്യമായി നിരീക്ഷിച്ച് തെളിവുകള്‍ അടക്കം ശേഖരിക്കുന്നുണ്ടെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി ഓരോ സ്ഥാനാര്‍ഥിയും പ്രത്യേകം ബാങ്ക് അക്കൗണ്ട് തുറക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് വരവ് ചെലവ് കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കി.