വടകര : സംസ്ഥാനത്ത് വോട്ടെടുപ്പ് അര്‍ധരാത്രിവരെ നീണ്ടതില്‍ ദുരൂഹത സംശയിച്ച് യുഡിഎഫ്. വടകരയിലെ സ്വാധീനമേഖലകളില്‍ പോളിങ് ശതമാനം ഗണ്യമായി കുറഞ്ഞെന്നും ഉദ്യോഗസ്ഥതലത്തില്‍ ഗൂഢാലോചന നടന്നെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. സിപിഎം വോട്ടെടുപ്പ് ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചെന്ന് കെ.സി. വേണുഗോപാലും ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പ് മനപൂര്‍വം വൈകിച്ചെന്ന് കെ. മുരളീധരനും ആരോപിച്ചു. വടകര മണ്ഡലത്തില്‍ അവസാന ആള്‍ വോട്ടുചെയ്യുമ്പോള്‍ സമയം രാത്രി 11.43. തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ ഇതാദ്യമായിരിക്കു ഇത്തരമൊരു കാഴ്ച. കുറ്റ്യാടിക്ക് പുറമെ ഓര്‍ക്കാട്ടേരി, മാക്കുല്‍പീടിക, നരിക്കുന്ന് എന്നിവിടങ്ങളിലും വോട്ടെടുപ്പ് കഴിയുമ്പോള്‍ അര്‍ധരാത്രിയോട് അടുത്തിരുന്നു. മണിക്കൂറുകള്‍ കാത്ത് നിന്നിട്ടും വോട്ടിടാന്‍ കഴിയാഞ്ഞതോടെ തിരിച്ചുപോയവര്‍ നിരവധിയാണ്.
ആറുമണി കഴിയുമ്പോള്‍ സംസ്ഥാനത്തെ പോളിങ് 67.27 ശതമാനം മാത്രമായിരുന്നു. കനത്തചൂടും വോട്ടിങ് മെഷീനിലെ തകരാറും, വോട്ടിടുന്നതിലെ കാലതാമസവും മാത്രമായിരിക്കുമോ പോളിങ് ശതമാനം കുറയാന്‍ കാരണം. അതല്ലെന്നാണ് യുഡിഎഫിന്റ ആരോപണം. വടകരയില്‍ വോട്ടെടുപ്പ് രാത്രിവരെ നീണ്ടതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. അതേസമയം വോട്ടെടുപ്പ് മുന്നൊരുക്കങ്ങളില്‍ തന്നെ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ആക്ഷേപമുയരുന്നുണ്ട്.വടക്കന്‍ കേരളത്തില്‍ അര്‍ധരാത്രി വരെ പോളിങ് നീണ്ടെങ്കിലും മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഒന്‍പതരയോടെ വോട്ടെടുപ്പ് അവസാനിച്ചിരുന്നു.