ന്യൂഡല്‍ഹി : അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്കാന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഈയാഴ്ച ചേരും. വിധി അനിവാര്യമായതു കൊണ്ടുതന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം കൂടുതല്‍ ശ്രദ്ധയോടെ നടത്താനാണ് ബിജെപിയുടെ ശ്രമം. സിറ്റിംഗ് എംഎല്‍എമാരില്‍ നിശ്ചിതശതമാനത്തിന് വീണ്ടും മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കില്ല. കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥി നിര്‍ണയം ഈ ആഴ്ച തന്നെ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധി മടങ്ങിയെത്തിയാല്‍ ഉടന്‍ അന്തിമഘട്ടത്തിലേക്ക് പാര്‍ട്ടി കടക്കും.
ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളില്‍ ഇന്നലെ പഞ്ചാബില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ അരവിന്ദ് കെജ്രിവാള് ആകും ഇനി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ പഞ്ചാബില്‍ നടത്തുക. എസ്.പി, ബി.എസ്.പി പാര്‍ട്ടികളും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി ഈ ആഴ്ച തന്നെ നടത്താന്‍ ആണ് ശ്രമിക്കുന്നത്.