തിരുവനന്തപുരം : പി.ടി.തോമസ് എംഎല്‍എ അന്തരിച്ചതിനെ തുടര്‍ന്നുള്ള ഒഴിവില്‍ തൃക്കാക്കര നിയമസഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങി. തൃക്കാക്കര മണ്ഡലത്തില്‍ ഡിസംബര്‍ 22 മുതല്‍ ഒഴിവു വന്നതായി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. നിയമസഭാ സെക്രട്ടേറിയറ്റിന്റെ പേരിലാണു വിജ്ഞാപനം. ഇനി 6 മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള നിശബ്ദ ചര്‍ച്ചകളും ചരടുവലികളും എല്ലാ മുന്നണികളിലും ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് വ്യക്തമായ അടിത്തറയുള്ള മണ്ഡലം എന്ന നിലയില്‍ സ്ഥാനാര്‍ഥി നിര്‍ണയം അത്ര വെല്ലുവിളിയാവില്ലെന്നാണ് പാര്‍ട്ടിയുടെ പൊതുവേയുള്ള വിലയിരുത്തല്‍. സിപിഎം തൃക്കാക്കരയില്‍ ആരെ സ്ഥാനാര്‍ഥിയാക്കും എന്നതു നിര്‍ണായക ചോദ്യമാണ്. തൃക്കാക്കരയില്‍ ബിജെപിക്കു സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയാകില്ല.
പി.ടി.യുടെ ഭാര്യ ഉമ തൃക്കാക്കരയില്‍ മത്സരിക്കുമോ എന്ന ചോദ്യം ഇതിനകം ഉയര്‍ന്നിരുന്നെങ്കിലും വ്യക്തമായ ഉത്തരം ആയിട്ടില്ല. മത്സരിക്കുമോ എന്ന ചോദ്യങ്ങളോട് അതിനെപ്പറ്റി ചിന്തിക്കാനേ സാധിച്ചിട്ടില്ലെന്നും ഇത്തരത്തിലുള്ള ഒരു ചിന്തയുടെ സമയമല്ല ഇതെന്നുമാണ് ഉമ മറുപടി നല്‍കിയിരിക്കുന്നത്. ഒരു ഘട്ടത്തിലും മത്സരിക്കില്ല എന്നു പറഞ്ഞിട്ടില്ല എന്നതു ചൂണ്ടിക്കാട്ടി പി.ടി.ക്കു പകരം ഉമ വന്നേക്കുമെന്നു പലരും വിലയിരുത്തുന്നുണ്ട്. പി.ടി ഉയര്‍ത്തിയ നിലപാടുകള്‍ക്കും ആശയങ്ങള്‍ക്കും വിരുദ്ധമാകുമോ അത്തരമൊരു തീരുമാനമെന്ന ആശങ്ക കോണ്‍ഗ്രസിനുള്ളില്‍ പലരും പങ്കുവയ്ക്കുന്നുണ്ട്.