തിരുവനന്തപുരം : ഇലക്ട്രിക് ബസുകള്‍ ലാഭകരമെന്ന് കെഎസ്ആര്‍ടിസിയുടെ വാർഷിക റിപ്പോർട്ട്. ഒൻപത് മാസത്തെ ലാഭം 2.88 കോടിയാണ്. ഈ കാലയളവില്‍ 18901 സര്‍വീസ് നടത്തിയത്. ഒരു കിലോമീറ്റർ ഓടാൻ 28. 45 രൂപ ശമ്പളവും ഇന്ധനത്തിനും ചെലവുവരുന്നു. 36.66 രൂപ ശരാശരി വരുമാനം ലഭിച്ചു.ചെലവുകൾ കഴിഞ്ഞ് കി.മിറ്റരിന് 8 രൂപ 21 പൈസ ലാഭം ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്ന മന്ത്രി കെ.ബി.ഗണേഷ്കുമാറിന്‍റെ വാദം തള്ളുന്നതാണ് ഇപ്പോൾ പുറത്തുവന്ന കെഎസ്ആര്‍ടിസി വാർഷിക റിപ്പോർട്ട്. മുന്‍ മന്ത്രി ആന്റണി രാജു ലാഭകരമെന്ന് വിശേഷിപ്പിച്ച സിറ്റി സര്‍ക്കുലര്‍ പദ്ധതി നഷ്ടമാണെന്നാണ് പിന്‍ഗാമി കെ.ബി. ഗണേഷ്‌കുമാർ കണ്ടെത്തിയത്. ഇനി ഇലട്രിക് ബസുകൾ വാങ്ങേണ്ടെന്നും നിലവിൽ സിറ്റി സര്‍വീസിന് ഈടാക്കുന്ന പത്ത് രൂപ നിരക്ക് പുനപരിശോധിക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു. ഒപ്പം നിലവിലോടുന്ന റൂട്ടുകൾ പുനക്രമീകരിക്കാൻ പദ്ധതിയുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
ഒരു ഇ-ബസിന്റെ വിലയ്ക്ക് നാല് ഡീസല്‍ ബസ് വാങ്ങാം. അതാകുമ്പോള്‍ മലയോര പ്രദേശത്തേക്ക് ഓടിക്കാം. ഇ-ബസുകള്‍ 10 രൂപ ടിക്കറ്റില്‍ ഓടിയതോടെ സ്വകാര്യ ബസുകളെയും ഓട്ടോറിക്ഷകളെയും കെ.എസ്.ആര്‍.ടി.സി.യുടെ ഡീസല്‍ ബസുകളെയും ബാധിച്ചു. ഗതാഗത മന്ത്രി ഓട്ടോറിക്ഷക്കാരെയും സംരക്ഷിക്കേണ്ടതുണ്ടെന്നും ഗണേഷ് കുമാര്‍ നിലപാടെടുത്തിരുന്നു. സംഭവം വിവാദമായതോടെ തലസ്ഥാനം നെഞ്ചേറ്റിയ സര്‍വീസിനെ അങ്ങനെയങ്ങ് വിട്ട് കൊടുക്കാനാകില്ലെന്ന് എംഎൽഎ വികെ പ്രശാന്ത് നിലപാടെടുത്തു. നയപരമായ തീരുമാനങ്ങൾ പുനപരിശോധിക്കുമ്പോൾ ജനപക്ഷത്ത് നിൽക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. അതിനിടെയാണ് കെഎസ്ആര്‍ടിസി വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.