മാനന്തവാടി: വൈദ്യുതി ബിൽ കുടിശ്ശികയുടെ പേരിൽ, രോഗിയായ വയോധികന്‍റെ ഭൂമി ജപ്തി ചെയ്തു. ആകെയുള്ള ഒമ്പതു സെന്റിൽ മൂന്ന് സെന്റാണ് കെ.എസ്.ഇ.ബിക്കുവേണ്ടി റവന്യു അധികൃതർ ജപ്തി ചെയ്തത്. തിരുനെല്ലി അപ്പപ്പാറ ചെറുമാത്തൂർകുന്ന് തിമ്മപ്പൻ ചെട്ടി (48) യുടെ 86/179 സർവേ നമ്പറിലെ ഭൂമിയാണ് ജപ്തി ചെയ്തത്.
ജൂൺ 16നാണ് ജപ്തി ചെയ്തതായി മാനന്തവാടി താഹസിൽദാർ നോട്ടീസ് നൽകിയത്. 2017 ജൂലൈ 20 മുതൽ 2018 ജൂലൈ നാലുവരെ ഉപയോഗിച്ച വൈദ്യുതിയുടെ തുകയായ 11,293 രൂപയും 18 ശതമാനം പലിശയും ഈടാക്കാനാണ് നടപടി. കുടിശ്ശിക അടക്കാൻ മൂന്നുമാസം സാവകാശം നൽകുമെന്നും ഈ സമയത്തിനുശേഷവും അടച്ചില്ലെങ്കിൽ സ്ഥലം ലേലം ചെയ്യുമെന്നുമാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്.
എന്നാൽ, താൻ 7474 രൂപ മാത്രമാണ് അടക്കാനുള്ളതെന്നും ഇതിൽ 2019 മാർച്ച് അഞ്ചിന് 2636 രൂപയും 2020 ഫെബ്രുവരി നാലിന് 2806 രൂപയും അടച്ചെന്നും തിമ്മപ്പൻ ചെട്ടി പറയുന്നു. നിലവിൽ ഇയാളും ഭാര്യ അമ്മിണിയും മകൾ ദിവ്യയുടെ ബാവലി ചേകാടിയിലെ വീട്ടിലാണ് താമസിക്കുന്നത്. ജപ്തി നോട്ടീസ് ഇവിടേക്ക് എത്തിക്കുകയായിരുന്നു. നിത്യരോഗിയായ ചെട്ടിക്ക് ആകെ ലഭിക്കുന്ന വാർധക്യകാല പെൻഷൻ മാത്രമാണ് ഏക ആശ്വാസം.