തിരുവനന്തപുരം : രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിനെച്ചൊല്ലി സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ ചെയര്‍മാനും ഇടതു യൂണിയനുകളും തമ്മില്‍ വീണ്ടും ഭിന്നത. പണിമുടക്കിയാല്‍ ഓഫീസര്‍മാരുടെ ഉദ്യോഗക്കയറ്റം തടയുമെന്ന് ചെയര്‍മാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. എന്നാല്‍ പണിമുടക്കുന്നതിന്റെ പേരില്‍ പ്രതികാര നടപടികള്‍ക്ക് മുതിര്‍ന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇടത് സംഘടനകള്‍ വ്യക്തമാക്കുന്നു. രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിന്റെ ഭാഗമായാണ് വൈദ്യുതി ബോര്‍ഡില്‍ ഇടതുസംഘടനകള്‍ പണിമുടക്ക് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഓഫീസര്‍മാര്‍ പണിമുടക്കിയാല്‍ പ്രമോഷന്‍ തടയുമെന്നും സ്ഥലംമാറ്റത്തിന് ബുദ്ധിമുട്ടായിരിക്കുമെന്നും സീനിയര്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ ചെയര്‍മാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
ഇതേ തുടര്‍ന്ന് ബോര്‍ഡിലെ സി.പി.എം അനുകൂല സംഘടനകളായ ഓഫീസേഴ്‌സ് അസോസിയേഷനും സി.ഐ.റ്റി.യുവും ചെയര്‍മാനെതിരെ രംഗത്തെത്തി. രണ്ടു സംഘടനകളും ചെയര്‍മാനെതിരെ പ്രത്യേകം നോട്ടീസുകളും പുറത്തിറക്കി. ഏതെങ്കിലും പ്രതികാര നടപടിക്ക് മുതിര്‍ന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് സംഘടനകളുടെ മുന്നറിയിപ്പ്. ചെയര്‍മാനും ഇടത് സംഘടനകളും തമ്മിലുള്ള തര്‍ക്കം കഴിഞ്ഞ തവണ പ്രത്യക്ഷ സമരത്തിലേക്ക് തന്നെ എത്തിയിരുന്നു. തുടര്‍ന്ന് ഇടതുമുന്നണി നേതൃത്വം ഇടപെട്ടാണ് ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരമുണ്ടാക്കിയത്. എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം ചെയര്‍മാനും ഇടത് സംഘടനകളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായിരിക്കുകയാണ്.