മൂന്നാര്‍: മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റിലെ കുറുമല ഡിവിഷനില്‍ ഗണേശന്‍, ചില്ലി കൊമ്പന്‍ എന്നിങ്ങനെ വിളിപ്പേരുള്ള കാട്ടുകൊമ്പന്‍മാര്‍ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ എത്തിയ കൊമ്പന്‍മാര്‍ പോരടിച്ച ശേഷം പുലര്‍ച്ചെയാണ് മടങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കലികയറിയ കാട്ടാനകള്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയും പാലത്തിന്റെ കൈവരികളും തേയിലച്ചെടികളും തകര്‍ത്തു. മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടാന ആക്രമണം തുടര്‍ക്കഥയാവുകയാണ്.
കൊമ്പനാനകള്‍ തമ്മിലുള്ള പോര്‍വിളി മുറുകിയതോടെ കുടുംബങ്ങള്‍ ഭീതിയിലായി. രാത്രി ഒരു മണിയോടെ എത്തിയ കൊമ്പന്‍മാര്‍ പുലര്‍ച്ചെയാണ് മടങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കലിയിളകിയ കാട്ടാനകള്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന പ്രവീണ്‍ കുമാറെന്ന കിഡ്നി രോഗിയുടെ ഓട്ടോറിക്ഷ ഭാഗീകമായി തകര്‍ത്തു. സമീപത്തെ പാലത്തിന്റെ കൈവിരികള്‍ക്ക് കേടുപാടുകള്‍ വരുത്തിയ കാട്ടാനകള്‍ തേയിലച്ചെടികളും നശിപ്പിച്ചു.
കാട്ടാന ശല്യം ഏറിവരികയാണെന്നും വനംവകുപ്പിന്റെ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകണമെന്നും വാര്‍ഡംഗവും മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പ്രവീണ രവികുമാര്‍ പറഞ്ഞു. കൊമ്പന്‍മാര്‍ പരസ്പരം ആക്രമിക്കുന്നതിനിടെ പരിക്കേറ്റതായി സംശയമുണ്ട്. പരിക്കേറ്റ ആനയെ കണ്ടെത്താന്‍ വനപാലകര്‍ ശ്രമമാരംഭിച്ചു.വേനല്‍ കനക്കുന്നതോടെ കാട്ടാന ശല്യം രൂക്ഷമാകുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.