കൊച്ചി : ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് പുറമേ സംസ്ഥാന സർക്കാർ, കൊച്ചിൻ ദേവസ്വം ബോർഡ്, മലബാർ ദേവസ്വം ബോർഡ്, ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി, കൂടൽമാണിക്യം ദേവസ്വം എന്നിവരെക്കൂടി കക്ഷിചേർക്കാൻ ഹൈകോടതി നിർദേശിച്ചു.
ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ഹർജി ജൂൺ 21 ലേക്ക് മാറ്റി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അമ്പലപ്പുഴ വിജയകൃഷ്ണൻ എന്ന ആന ചെരിഞ്ഞ സംഭവത്തിൽ അന്വേഷണം നടത്താൻ ഉന്നതതല സമിതിയെ നിയോഗിക്കണമെന്നും കുറ്റക്കാരായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കും ആനപാപ്പാന്മാർക്കുമെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ട് അമ്പലപ്പുഴ സ്വദേശി പ്രേമകുമാർ നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. പരിക്കേറ്റിട്ടും ശരിയായ പരിചരണം ലഭിക്കാത്തതിനെത്തുടർന്നാണ് ആന ചെരിഞ്ഞതെന്നും ആനയുടെ പരിക്ക് വകവെക്കാതെ വിവിധ ക്ഷേത്രങ്ങളിൽ ആനയെ എഴുന്നള്ളത്തിന് കൊണ്ടുപോയെന്നും ഹർജിയിൽ പറയുന്നു.
നേരത്തേ ഹർജി പരിഗണിച്ചപ്പോൾ ക്ഷേത്രോത്സവങ്ങളിൽ ആനകളെ എഴുന്നള്ളിക്കുമ്പോൾ കേരള നാട്ടാന പരിപാലന നിയമത്തിൽ പറയുന്ന വ്യവസ്ഥകൾ പാലിക്കണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷയം കൂടുതൽ വിശദമായി പരിഗണിക്കാൻ വിവിധ ദേവസ്വങ്ങളെ കക്ഷി ചേർത്തത്.