പാലക്കാട്: അകത്തേത്തറ മേഖലയിൽ മൂന്ന് കാട്ടാനകൾ അടുത്തടുത്ത ദിവസങ്ങളിൽ കാടിറങ്ങിയ ഭീതിയിലാണ് നാട്ടുകാർ. ചെറാട്, വീടിന്‍റെ മതിൽ പൊളിച്ചെത്തിയ ആനകൾ തെങ്ങും വാഴയും നശിപ്പിച്ചിരുന്നു. വരും ദിവസങ്ങളിലും ആനകൾ എത്തിയേക്കുമെന്നാണ് വനംവകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് കൊമ്പൻ ഏഴാമനെ പിടിക്കാനുള്ള ഒരുക്കം അവസാന ഘട്ടത്തിലാണ്. അപ്പോഴാണ്, ധോണിക്ക് തൊട്ടപ്പുറം മൂന്ന് ആനകൾ നാട്ടുകാർക്കും വനംവകുപ്പിനും തലവേദനയാകുന്നത്.
ജനവാസ മേഖലയിലൂടെയാണ് മൂന്ന് ആനകളുടെ പതിവ് പോക്കുവരവ്. പിടി സെവനെ പോലെ തന്നെ മതിലു തകർത്ത് വീട് വളപ്പിൽ കയറുന്നതാണ് ശീലം. കഴിഞ്ഞ ദിവസം ചെറാട് ഇല്ലത്ത് കേറിയ ആനകൾ, വീട്ടുവളപ്പിൽ തങ്ങിയത് നാല് മണിക്കൂറിലേറെ നേരമാണ്. വാഴയും കടച്ചക്കയും തെങ്ങും പൂർണമായി നശിപ്പിച്ചാണ് ആനകൾ മടങ്ങിയത്. അടുത്ത ദിവസങ്ങളിലും ആനക്കൂട്ടം എത്തുമെന്ന ഭീതി നാട്ടുകാർക്കുണ്ട്. വനംവകുപ്പിന്റെ ശ്രദ്ധ മുഴുവൻ പിടി സെവനിലാണ്. ഇവയെ തുരത്താനും മതിയായ ജീവനക്കാരുടെ കുറവുണ്ട്.പാലക്കാട് കൊമ്പൻ ഏഴാമനെ പിടിക്കാനുള്ള ദൗത്യസംഘം വയനാട്ടിൽ നിന്ന് ധോണി ക്യാമ്പിൽ എത്തി. മൂന്നാമത്തെ കുംകിയാനയും എത്തിയിട്ടുണ്ട്. രാവിലെ ദൗത്യ സംഘം യോഗം ചേരും. പാലക്കാട് ഡി എഫ് ഒ, ഏകോപന ചുമതയുള്ള എ സി എഫ്, വെറ്ററിനറി സർജൻ എന്നിവർ പങ്കെടുക്കും. പിടി 7നെ പിടിക്കാനുള്ള അന്തിമ ഒരുക്കം വിലയിരുത്തും. ദൗത്യത്തിനായി കൂടുതൽ വനം വകുപ്പ് ജീവനക്കാരെ നിയോഗിക്കുന്നതിലും തീരുമാനം ഉണ്ടാകും. രണ്ട് ദിവസത്തിനകം മയക്കുവെടി വയ്ക്കാനാണ് നീക്കം. മയക്കുവെടി എപ്പോൾ വയ്ക്കണം, എവിടെ വച്ചുവേണം എന്നീ ചർച്ചകളും ഇന്നത്തെ യോഗത്തിൽ നടക്കും.