ദില്ലി: രാജ്യത്ത് കടുത്ത ചൂടാണ്, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഊഷണതരംഗത്തിനുള്ള സാധ്യതയും ഈ സാഹചര്യത്തിൽ ഇരുപത് ആനകളെ അരുണാചൽ പ്രദേശ്, ത്രിപുര സംസ്ഥാനങ്ങളിൽ നിന്ന് ഗുജറാത്തിലെ ജാംനഗറിലേക്ക് കൊണ്ടുപോകാൻ തീരുമാനച്ചതിന് എതിരെയാണ് സുപ്രീം കോടതിയിൽ ഹർജി എത്തിയത്.
ഇരുപതോളം ആനകളെയാണ് ട്രക്കുകളില്‍ ഇങ്ങനെ കൊണ്ടുപോകുന്നത്. ജാംനഗറിലെ രാധാകൃഷ്ണന്‍ ടെംപിൾ എലിഫന്റ് ട്രസ്റ്റാണ് 3,400 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തേക്ക് ആനകളെ ഈ രീതിയിൽ കൊണ്ടുപോകുന്നത്. ആനകളെ ഇങ്ങനെ റോഡ് മാർഗം കൊണ്ടുപോകാൻ രാജ്യത്ത് ചില മാനദണ്ഡങ്ങളുണ്ട്, എന്നാൽ ഇത് പാലിക്കാതെ സുരക്ഷ ക്രമീകരണം, ആരോഗ്യപരിപാലനം എന്നിവ ഉറപ്പാക്കാതെയാണ് കൊണ്ടു പോകുന്നതെന്നാണ് ഹർജിക്കാരുടെ ആരോപണം. സംസ്ഥാന സര്‍ക്കാരുകളുടെ മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയില്ലാതെയാണ് നടപടിയെന്നും ഹർജിയിൽ പറയുന്നു. ഹർജി ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ പരാമർശിച്ചു. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തോടും രാധാകൃഷ്ണന്‍ ടെംപിൾ എലിഫന്റ് ട്രസ്റ്റിനോടും സംഭവത്തിൽ മറുപടി തേടണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ ആനകളെ കൊണ്ടുപോകുന്നത് എല്ലാ അനുമതികളോടെയുമാണെന്ന് ട്രസ്റ്റിന്റെ വാദം. തുടർന്നാണ് ഹർജി തിങ്കളാഴ്ച്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ദില്ലി സ്വദേശി അബിര്‍ ഫുക്കനാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷകന്‍ ശ്യാം മോഹനാണ് ഹര്‍ജി ഫയല്‍ ചെയ്തത്.