വാഷിങ്ടൻ∙ ടെസ്‌ല, സ്പേസ് എക്സ് കമ്പനികളുടെ സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്ക് ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയണമെന്ന് ട്വിറ്റർ സർവേ ഫലം. ട്വിറ്റർ വരിക്കാർക്കിടയിലെ സർവേയ്ക്ക് മസ്ക് തന്നെയാണു മുൻകൈയെടുത്തത്. ഫലം എന്തായാലും അതിനൊപ്പം നിൽക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. മസ്ക് ഒഴിയണമെന്ന് 57.5% പേർ വോട്ട് ചെയ്തപ്പോൾ 42.5% പേർ വേണ്ടെന്ന് വോട്ട് ചെയ്തു.
‘ഞാൻ ട്വിറ്റർ മേധാവി സ്ഥാനം ഒഴിയണോ?. ഈ വോട്ടെടുപ്പിന്റെ ഫലം ഞാൻ പാലിക്കും’ എന്ന് തിങ്കളാഴ്ച പുലർച്ചെയാണ് മസ്‌ക് ട്വീറ്റ് ചെയ്തത്. വോട്ടെടുപ്പ് വൈകിട്ടോടെ അവസാനിച്ചു. 17 ദശലക്ഷത്തിലധികം പേരാണ് വോട്ട് ചെയ്തത്. ഒക്ടോബറിലാണ് ട്വിറ്ററിന്റെ തലവനായി മസ്‌ക് ചുമതലയേറ്റത്. പിന്നാലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയും ട്വിറ്ററിൽ വൻതോതിലുള്ള നയ മാറ്റങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.