ലോകത്തെ ശതകോടീശ്വരന്മാരിൽ പ്രധാനിയായ ഇലോൺ മസ്ക് പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നു എന്ന് റിപ്പോർട്ട്. മസ്കിൻ്റെ ട്വീറ്റുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കേണ്ടതുണ്ടോ എന്ന് ട്വീറ്റ് ചെയ്ത മസ്ക് ആ ട്വീറ്റ് പിൻ ചെയ്യുകയും ചെയ്തു. ട്വിറ്റർ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നുണ്ടോ എന്ന ചോദ്യത്തിൽ അദ്ദേഹം ഒരു പോളും ട്വീറ്റ് ചെയ്തു. ഇല്ല എന്നാണ് 70 ശതമാനം പേർ വോട്ട് ചെയ്തത്. ഇതൊക്കെ പരിഗണിക്കുമ്പോൾ മസ്ക് പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തന്റെ ഉടമസ്ഥതയിലുളള സാറ്റ്‌ലൈറ്റ് ഇന്റർനെറ്റ് സേവന ദാതാക്കളായ സ്റ്റാർ ലിങ്ക് റഷ്യൻ മാധ്യമങ്ങളെ വിലക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇലോൺ മസ്‌ക് അറിയിച്ചിരുന്നു. റഷ്യൻ മാധ്യമങ്ങൾക്ക് സ്റ്റാർ ലിങ്ക് വിലക്കേർപ്പെടുത്തണമെന്ന് തന്നോട് ചില രാജ്യങ്ങൾ ആവശ്യപ്പെട്ടെന്നും എന്നാൽ തോക്കിൻ മുനയിലല്ലാതെ വിലക്കേർപ്പെടുത്താൻ തങ്ങൾ ഒരുക്കമല്ലെന്നും മസ്‌ക് പറഞ്ഞു. റഷ്യൻ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട രാജ്യങ്ങളുടെ കൂടെ യുക്രൈൻ ഇല്ലെന്ന് മസ്‌ക് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. ഒരു സമ്പൂർണ ആവിഷ്‌കാര സ്വാതന്ത്രവാദിയായതിൽ ഖേദിക്കുന്നുവെന്നും മസ്‌ക് കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്റ്റാർ ലിങ്ക് വഴി യുക്രൈന്റെ വിവിധ ഭാഗങ്ങളിൽ അതിവേഗ ഇന്റർനെറ്റ് സേവനം ആക്ടിവേറ്റ് ചെയ്തതിന് പിന്നാലെ സ്റ്റാർ ലിങ്ക് റഷ്യൻ ആക്രമണ ഭീഷണി നേരിടുന്നതായി മസ്‌ക് സൂചിപ്പിച്ചിരുന്നു. ഏതുനേരത്തും സ്റ്റാർ ലിങ്കിനുനേരെ സൈബർ ആക്രമണമുണ്ടാകാമെന്നാണ് മസ്‌ക് അറിയിച്ചത്. അത്യാവശ്യമുള്ളപ്പോൾ മാത്രം സ്റ്റാർ ലിങ്ക് ആക്ടിവേറ്റ് ചെയാൻ ശ്രമിക്കണമെന്നും ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും ട്വിറ്ററിലൂടെയാണ് മസ്‌ക് മുന്നറിയിപ്പ് നൽകിയത്.