ന്യൂഡൽഹി: അടിയന്തരാവസ്ഥയുടെ ഓർമ പുതുക്കി എല്ലാ വർഷവും ജൂൺ 25 ഭരണഘടനഹത്യ ദിനമായി ആചരിക്കണമെന്ന് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 1975ലെ അടിയന്തരാവസ്ഥയുടെ മനുഷ്യത്വരഹിതമായ വേദനകൾ സഹിച്ച എല്ലാവരുടെയും മഹത്തായ സംഭാവനകളെ ഈ ദിനത്തിൽ അനുസ്മരിക്കണമെന്നും അമിത് ഷാ പറഞ്ഞു.
എക്സ് പോസ്റ്റിലൂടെയാണ് അമിത് ഷാ ഇക്കാര്യം ആവശ്യപ്പെട്ടത്. അടിയന്തരാവസ്ഥക്കാലത്തെ ഗസറ്റ് വിജ്ഞാപനവും അമിത്ഷാ പോസ്റ്റ് ചെയ്തു. ”1975 ജൂൺ 25 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വേച്ഛാധിപത്യ മനോഭാവത്തിലൂടെ അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചുകൊണ്ട് നമ്മുടെ ജനാധിപത്യത്തിന്റെ ആത്മാവിനെ തച്ചുടച്ചു. ഒരു തെറ്റും ചെയ്യാത്ത ലക്ഷക്കണക്കിന് ആളുകൾ ജയിലുകളിലേക്ക് വലിച്ചെറിയപ്പെട്ടു. മാധ്യമങ്ങളെ നിശബ്ദമാക്കി.”-എന്നാണ് അമിത് ഷാ കുറിച്ചത്.