അബുദാബി: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ യുഎഇയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വീടുകളിലും തെരുവുകളിലും കടകളിലും വെള്ളം കയറി. വെള്ളപ്പൊക്കമുണ്ടായ ഫുജൈറയിലെ അല്‍ ഫസീല്‍ പ്രദേശത്ത് നിന്ന് ഒരു കുടുംബത്തെ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ രക്ഷപ്പെടുത്തുന്ന വീഡിയോ ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച പങ്കുവെച്ചു.
ഒരു വില്ലയില്‍ നിന്നും കുടുംബത്തെ രക്ഷപ്പെടുത്തുന്ന വീഡിയോയാണിത്. കുട്ടി ഉള്‍പ്പെട്ട കുടുംബത്തെ ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. കല്‍ബയില്‍ ഒരു കുടുംബത്തെ രക്ഷപ്പെടുത്തുന്നതിനിടെ ഉദ്യോഗസ്ഥന്‍ കുട്ടിയെ ചുമലിലേറ്റി വെള്ളക്കെട്ടിലൂടെ നടക്കുന്ന വീഡിയോയും മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്.
ബുധനാഴ്‍ച പെയ്‍ത കനത്ത മഴയില്‍ യുഎഇയിലെ ഫുജൈറയില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായിരുന്നു. തുടര്‍ന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും അടിയന്തര സഹായം എത്തിക്കാനും യുഎഇ സൈന്യം രംഗത്തിറങ്ങി. എമിറേറ്റിലെ പല സ്ഥലങ്ങളിലും റോഡുകളും വാദികളും നിറഞ്ഞുകവിഞ്ഞു. ചിലയിടങ്ങളില്‍ ജനങ്ങളുടെ താമസ സ്ഥലങ്ങളില്‍ വെള്ളം കയറി.
ഫുജൈറയില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടിരുന്നു. മറ്റ് എമിറേറ്റുകളിലെ ദുരന്ത നിവാരണ, രക്ഷാ പ്രവര്‍ത്തക സേനകളെ ഫുജൈറയിലും രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലും എത്തിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് ശൈഖ് മുഹമ്മദ് നിര്‍ദേശം നല്‍കിയിരുന്നു.