സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും യു.എ.ഇ സ്വദേശിയുമായ ഖാലിദ് അൽ അമീരി ടെന്നീസ് താരം സാനിയ മിർസയെ സന്ദർശിച്ചു. ഹൈദരാബാദിലെ വീട്ടിലെത്തിയാണ് ഖാലിദ് സാനിയയെ കണ്ടത്. ഫുഡ്, ട്രാവൽ വിഡിയോകൾ കൊണ്ട് പേരുകേട്ടയാളാണ് ഖാലിദ് അൽ അമീരി. ഹൈദരാബാദ് ബിരിയാണി കഴിക്കാനും വിഡിയോ ഷൂട്ടിനുമായാണ് ഇദ്ദേഹം ഇന്ത്യയിലെത്തിയത്. ഓഗസ്റ്റ് 17 വ്യാഴാഴ്ചയാണ് ഖാലിദ് ഹൈദരാബാദിൽ എത്തിയത്. ‘ടെന്നീസ് സൂപ്പർതാരം സാനിയ മിർസയ്‌ക്കൊപ്പം ഹൈദരാബാദിലെ അവരുടെ മനോഹരമായ വീട്ടിൽ ഇരിക്കാനും അവരുടെ യാത്രകളെക്കുറിച്ച് കൂടുതലറിയാനും കഴിഞ്ഞത് ഒരു ബഹുമതിയാണ്. അല്ലാഹു നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും എപ്പോഴും അനുഗ്രഹിക്കട്ടെ’-ഖാലിദ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇൻസ്റ്റാഗ്രാമിൽ രണ്ട് ദശലക്ഷത്തോളവും ഫേസ്ബുക്കിൽ ആറ് ദശലക്ഷത്തിലധികം ഫോളോവേഴ്‌സും ഉള്ള ഖാലിദ് അൽ അമീരി സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്‌കൂൾ ഓഫ് ബിസിനസിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്. സാമൂഹിക പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുകയെന്ന ലക്ഷ്യത്തോടെ വിഡിയോകൾ നിർമ്മിക്കുന്നയാളാണ് ഖാലിദ്.
ഇന്ത്യയുടെ ഇതിഹാസ ടെന്നീസ് താരമായ സാനിയ മിർസ 2003ലാണ് തന്‍റെ കരിയർ തുടങ്ങിയത്. 2023ൽ 36ാം വയസ്സിൽ കരിയർ അവസാനിപ്പിക്കുമ്പോൾ ആറ് ഗ്രാൻറ് സ്ലാം കിരീടങ്ങളാണ് അവർ നേടിയത്. സ്വിസ് ഇതിഹാസതാരം മാർട്ടിന ഹിഞ്ചിസിനൊപ്പം കളിച്ച് മൂന്ന് തവണ വനിതാ ഡബിൾസ് ഗ്രാൻറ്സ്ലാമുകൾ സാനിയ സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് മിക്സഡ് ഡബിൾസ് കിരീടനേട്ടങ്ങളിൽ ഇന്ത്യൻ താരം മഹേഷ് ഭൂപതിയാണ് സാനിയക്കൊപ്പം ഉണ്ടായിരുന്നത്. 2009ൽ ഓസ്ട്രേലിയൻ ഓപ്പണും 2012ൽ ഫ്രഞ്ച് ഓപ്പണുമാണ് ഇരുവരും ചേർന്ന് സ്വന്തമാക്കിയത്.