ദില്ലി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിന് എട്ടാം ശമ്പള കമ്മീഷനെ നിയമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. ലോക്സഭയിൽ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2026 ജനുവരി ഒന്നിന് പരിഷ്കരിച്ച ശമ്പളം നൽകണം എന്നുണ്ടെങ്കിൽ ഇപ്പോൾ ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിക്കേണ്ട സമയമാണ്. കേന്ദ്ര സർക്കാർ ജീവനക്കാർക്കായി എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിനായി അത്തരത്തിലുള്ള ഒരു നിർദ്ദേശവും സർക്കാരിന്റെ പരിഗണനയിലില്ല എന്ന് പങ്കജ് ചൗധരി വ്യക്തമാക്കി.
ലോക്സഭയിൽ എഴുതി നൽകിയ മറുപടിയിലാണ് ശമ്പള കമ്മീഷനെ നിയമിക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സഹമന്ത്രി പറഞ്ഞത്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ ഉണ്ടാകുന്ന മൂല്യച്യുതി പരിഹരിക്കുന്നതിനായി ക്ഷാമബത്ത ഉയർത്തുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ആറു മാസത്തിലും രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം അടിസ്ഥാനമാക്കി ക്ഷാമബത്ത ഉയർത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്.