തിരുവനന്തപുരം: ആനുകൂല്യങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ച് തിരുവല്ലത്ത് ടോൾ പ്ലാസയിലെ തൊഴിലാളികൾ പണിമുടക്കി.തിരുവല്ലത്ത് ടോൾ പ്ലാസയിലെ തൊഴിലാളികളുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് വാഹനങ്ങൾക്ക് ടോൾ നൽകാതെ സഞ്ചരിക്കാനായി . 56 ഓളം തൊഴിലാളികളാണ് ആനുകൂല്യങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് 4 മണിയോടെ പണി മുടക്കി റോഡിൽ കുത്തിയിരുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി ടോൾ പ്ലാസ കരാർ എടുത്തിരുന്ന ജയ് കമ്തനത്ത് എന്ന കമ്പനി ഇക്കഴിഞ്ഞ 22ന് കരാർ അവസാനിപ്പിച്ച് പിൻമാറിയിരുന്നു. ജീവനക്കാർ അറിയാതെയായിരുന്നു പിൻമാറ്റമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തെ ബോണസ് അടക്കമുള്ള ആനുകൂല്യം നൽകാതെയായിരുന്നു പിൻമാറ്റം. ആഡ്രാപ്രദേശ് ആസ്ഥാനമായ വെൽകം ഇൻഫ്രാടോൾ ലിമിറ്റഡ് കമ്പനിയാണ് തിരുവല്ലത്തെ ടോൾ പ്ലാസ കരാർ ഇപ്പോൾ ഏറ്റെടുത്തത്.
ഏറ്റെടുത്ത കമ്പനിയുടെ മാനേജർ കഴിഞ്ഞ ദിവസം തൊഴിലാളികളുടെ മീറ്റിങ് വിളിക്കുകയും മുൻ കമ്പനി നൽകാനുള്ള ആനുകൂല്യങ്ങളുടെ വിഷയത്തിൽ ഏതൊരു ഉത്തരവാദിത്വവും ഇല്ലെന്നും അറിയിച്ചതിനെ തുടർന്നാണ് തൊഴിലാളികൾ ജോലിയിൽ നിന്ന് വിട്ടു നിൽക്കാൻ ഇടയായതെന്ന് തിരുവല്ലം ടോൾ പ്ലാസ ലേബർ വെൽഫെയർ അസോസിയേഷൻ സെക്രട്ടറി സുധീഷ് പറഞ്ഞു.