കോഴിക്കോട് : സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും അന്വേഷണം തുടങ്ങി. പിടിയിലായ ഷെബീറിന്‍റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം. സമാന്തര ടെലിഫോൺ എക്സേഞ്ചിന്‍റെ മറവിൽ കോടികളുടെ കുഴൽപ്പണം പ്രതികളിലേക്കെത്തിയെന്നാണ് നിഗമനം. കോഴിക്കോട്ടെ സമാന്തര എക്സേഞ്ച് നടത്തിപ്പ് കേസിലെ പ്രതികൾക്ക് വിദേശത്ത് നിന്ന് കോടിക്കണക്കിന് രൂപയെത്തിയെന്ന കണ്ടെത്തലിലാണ് എൻഫോഴ്സ് മെന്‍്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയത്. സാമ്പത്തിക ക്രമക്കേടുകളന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇഡിക്ക് റിപ്പോർട്ട് നൽകിയിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുളള പണം ദുബായിലെത്തിക്കുകയും അവിടെ നിന്ന് കുഴൽപ്പണ ശൃംഖല വഴി ഷബീറിന് കൈമാറിയെന്നുമാണ് പ്രാഥമിക കണ്ടെത്തൽ.
2017 മുതലുളള ഇടപാടിൽ കോടികളെങ്ങിനെയെത്തിയതായി ചോദ്യംചെയ്യലിൽ ഷബീർ സമ്മതിച്ചിട്ടുണ്ട്. പല മേഖലകളിൽ ഈ പണം നിക്ഷേപിച്ചെന്നും ഷബീർ മൊഴിനൽകിയിട്ടുണ്ട്. കണ്ടെത്തിയ സിം കാർഡുകളുപയോഗിച്ച് യുപിഐ അക്കൗണ്ടുകളും വാട്സ് ആപ് അക്കൗണ്ടുകളും നിർമ്മിച്ചിട്ടുമുണ്ട്. സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുമായുളള ആശയവിനിമയവും പണം കൈമാറ്റവും ഈ വഴിയും നടന്നിട്ടുണ്ട്. ഉത്തരേന്ത്യയിൽ നിന്നാണ് സിം കാർഡുകളെത്തിച്ചതെന്ന് നേരത്തെതന്നെ കണ്ടെത്തിയിരുന്നു. അടുത്തിടെ ഒഡിഷയിൽ പിടിയിലായ വ്യാജ സിം ലോബിയുമായി കോഴിക്കോട്ടെ സംഘത്തിനുളള ബന്ധത്തിന്‍റെ തെളിവ് തേടുകയാണ് അന്വേഷണ സംഘം. നിലവിൽ കസ്റ്റഡിയിലുളള അബ്ഗുൾ ഗഫൂർ, കൃഷ്ണപ്രസാദ് എന്നിവരുമായുളള തെളിവെടുപ്പ് തുടരുകയാണ്.
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മൂന്നാം പ്രതി കോഴിക്കോട് സ്വദേശി കൃഷ്ണപ്രസാദ് കഴിഞ്ഞ ദിവസം, ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങി. ഇയാളുടെ അറസ്റ്റിനായി അന്വേഷണ സംഘം ശ്രമിക്കുന്നതിനിടെയാണ് കീഴടങ്ങൽ. കൃഷണപ്രസാദാണ് ടെലിഫോൺ എക്സ്ചേഞ്ചിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നാണ് പൊലീസ് വിലയിരുത്തൽ. കേസിൽ കോഴിക്കോട് ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂറഖും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. വയനാട്ടിലെ കൽപ്പറ്റയിൽ വച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.