കൊച്ചി: രഹസ്യ മൊഴിയിൽ സ്വപ്ന സുരേഷിന്‍റെ മൊഴി എടുക്കാൻ എൻഫോഴ്സ്മെന്‍റ് നീക്കം തുടങ്ങി. മൊഴി പകർപ്പ് തിങ്കളാഴ്ച ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേ സമയം രഹസ്യമൊഴിയിൽ എൻഫോഴ്സ്മെന്‍റ് നടപടി വൈകിയാൽ ഹൈക്കോടതിയെ സമീപിക്കാനാണ് സ്വപ്ന സുരേഷിന്‍റെ നീക്കം.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദ്ദേശപ്രകാരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് അർഷദ് ഖാൻ ആണ് സ്വപ്ന സുരേഷിന്‍റെ 164 മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്. ഈ മൊഴി നിലവിൽ പ്രിൻസിപ്പൽ സെഷൻസ് കോടതിയ്ക്ക് തിരിച്ച് നൽകി കഴിഞ്ഞു. ഇഡി അന്വേഷിക്കുന്ന കള്ളപ്പണ കേസിലാണ് സ്വപ്ന സുരേഷ് 164 മൊഴി നൽകിയത് എന്നതിനാൽ ഇഡിയ്ക്ക് ഈ മൊഴി പകർപ്പ് വാങ്ങി തുടർ അന്വേഷണം നടത്താനാകും.
മൊഴി പകർപ്പ് ആവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ ഇഡി അപേക്ഷ നൽകിയിട്ടുണ്ട്. തിങ്കളാഴ്ച മൊഴി പകർപ്പ് കിട്ടിയാൽ സ്വപ്ന സുരേഷിന് നോട്ടീസ് നൽകി വിശദമായ മൊഴിയെടുക്കും. അതിന് ശേഷമാകും മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നോട്ടീസ് നൽകുന്നതിൽ തീരുമാനം എടുക്കുക. എന്നാൽ തുടരന്വേഷണം വൈകിയാൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് സ്വപ്ന സുരേഷിന്‍റെ അഭിഭാഷകൻ പറഞ്ഞു.
കസ്റ്റംസിന് ഒരു വർഷം മുൻപ് സ്വപ്ന കൊടുത്ത 164 മൊഴിയ്ക്ക് സമാനമായ വിവരങ്ങളാണ് ഇപ്പോൾ നൽകിയ മൊഴിയിലുള്ളതെന്നാണ് സ്വപ്ന സുരേഷ് തന്നെ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ കോൺസുൽ ജനറലിനെയും മറ്റുള്ളവരെയും ചോദ്യം ചെയ്യാൻ അനുമതിയില്ലാത്തതും 2016ലെ സംഭവത്തിന് തെളിവ് ലഭിക്കാത്തതും ചൂണ്ടിക്കാട്ടി കസ്റ്റംസ് ഇതിൽ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോൾ നൽകിയ മൊഴി തിരുത്താൻ ഷാജ് കിരൺ ഇടപെട്ടെന്ന വെളിപ്പെടുത്തലിലും ഇഡി പ്രാഥമിക പരിശോധന നടത്തുന്നുണ്ട്. ആവശ്യമെങ്കിൽ ഷാജ് കിരണിനെയും ഇഡി നോട്ടീസ് നൽകി വിളിപ്പിക്കും.