കൊച്ചി: അറ്റ്ലസ് ജ്വല്ലറികളിലും ഓഫീസുകളിലും എൻഫോഴ്സ്മെന്റ് വിഭാഗം റെയ്ഡ് നടത്തി. അറ്റ്ലസ് രാമചന്ദ്രനെതിരെ രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. അറ്റ്ലസിന്റെ മുംബൈ, ബെംഗളൂരു, ദില്ലി എന്നിവിടങ്ങളിലെ ജ്വല്ലറികളിലും ഓഫീസുകളിലുമാണ് പരിശോധന നടന്നത്. 26.50 കോടി രൂപയുടെ സ്വർണവും സ്ഥിര നിക്ഷേപ രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തു.
തൃശ്ശൂർ പോലീസാണ് അറ്റലസ് രാമചന്ദ്രനെതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസെടുത്തത്. വ്യാജരേഖകളുണ്ടാക്കി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് കോടികൾ തട്ടിയെടുത്തെന്നാണ് കേസ്. 242 കോടി രൂപയുടെ വായ്പയാണ് സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് നേടിയത്. 2013-18 കാലത്താണ് ഈ സാമ്പത്തിക തട്ടിപ്പ് നടന്നത്. ഇതുമായി ബന്ധപ്പെട്ടാണ് അന്വേഷണം.