ഇംഗ്ലണ്ടിലും വെയിൽസിലും സ്ത്രീകൾക്ക് വീട്ടിൽ തന്നെ ഗുളിക കഴിച്ച് ഗർഭച്ഛിദ്രമാവാം എന്നതിന് നിയമപരമായ അംഗീകാരം. നേരത്തെ കൊവിഡ് മഹാമാരിയെ തുടർന്നാണ് സ്ത്രീകൾക്ക് വീട്ടിൽ ഗർഭച്ഛിദ്രം അനുവദിക്കപ്പെട്ടിരുന്നത്. എന്നാൽ, ഇനിയും അത് തുടർന്നു കൊണ്ടുപോവാം എന്നാണ് നിലവിൽ തീരുമാനം ആയിരിക്കുന്നത്. ഇതു പ്രകാരം 10 ആഴ്ചയിൽ താഴെയുള്ള ഗർഭിണികൾക്ക് ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തിക്കഴിഞ്ഞാൽ, ഗർഭച്ഛിദ്രം നടത്താനുള്ള രണ്ട് ഗുളികകളും ലഭിക്കുകയും ഗർഭച്ഛിദ്രം വീട്ടിൽ തന്നെ നടത്താൻ സാധിക്കുകയും ചെയ്യും.
സ്കോട്ട്ലൻഡിൽ നിലവിൽ തന്നെ ഗുളികകൾ കഴിച്ച് കൊണ്ട് വീട്ടിൽ ഗർഭച്ഛിദ്രം നടത്തുന്നതിന് നിയമപരമായി അംഗീകാരമുണ്ട്. സ്കോട്ട്ലൻഡിലും കൊവിഡ് സമയത്താണ് വീട്ടിൽ ഗർഭച്ഛിദ്രം അനുവദിക്കപ്പെട്ടിരുന്നത്. പിന്നീട് അത് പിന്തുടർന്ന് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. ഈ വർഷമാദ്യം തന്നെ തങ്ങളും ഇത് തുടരുമെന്ന് വെയിൽസ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ അത് നിയമമായിരിക്കയാണ്. ഗർഭച്ഛിദ്രം എവിടെയാണ് നടക്കുന്നതെന്നും എവിടെ വച്ച് എങ്ങനെയാണ് സ്ത്രീകൾ ഡോക്ടറെ കണ്ടത് എന്നതും ഡോക്ടർമാർ കൃത്യമായി രേഖപ്പെടുത്തണമെന്നതാണ് പുതിയ നിയമത്തിലെ വ്യവസ്ഥകൾ.
രണ്ട് ഗുളികകൾ കഴിച്ചു കൊണ്ടുള്ള ഈ ഗർഭച്ഛിദ്രത്തിന് സർജറിയോ അനസ്തേഷ്യയോ ആവശ്യമില്ല. അത് വീട്ടിൽ തന്നെ നടത്താം. ഇതിനാണ് ഇപ്പോൾ നിയമപരമായ അംഗീകാരം കിട്ടിയിരിക്കുന്നത്. 10 ആഴ്ചയിൽ താഴെ മാത്രം ഗർഭിണിയായിരിക്കുന്നവർക്കാണ് ഇത് നടത്താൻ സാധിക്കുക.
പൊതുജനാരോഗ്യ മന്ത്രി മാഗി ത്രൂപ്പ് പറയുന്നത്, “സ്ത്രീകൾക്ക് ഇങ്ങനെ ഒരു സൗകര്യം നൽകുന്നത് സ്ത്രീകൾക്ക് അബോർഷൻ സേവനങ്ങൾ എങ്ങനെ, എവിടെ നിന്ന് ലഭിക്കും എന്ന കാര്യത്തിൽ കൂടുതൽ തെരഞ്ഞെടുപ്പുകൾ നൽകും. അതേസമയം തന്നെ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി കൃത്യമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും” എന്നാണ്.