സിഡ്നി : ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് സമനിലയിൽ പിടിച്ച് ഇംഗ്ലണ്ട്. വാലറ്റക്കാരായ ജാക്ക് ലീച്ചും സ്റ്റുവർട്ട് ബ്രോഡും ജെയിംസ് ആൻഡേഴ്സണും അഞ്ചാം ദിനം പിടിച്ചു നിന്നതോടെയാണ് ഇംഗ്ലണ്ട് പരാജയത്തിൽ നിന്ന് രക്ഷപ്പെട്ടത്. മത്സരം അവസാനിക്കുമ്പോൾ അവർ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് എന്ന നിലയിലായിരുന്നു. മഴ കളി തടസ്സപ്പെടുത്തിയ മത്സരത്തിൽ ഓസ്ട്രേലിയൻ ബൗളർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇതോടെ ഇംഗ്ലണ്ടിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ടു. വിക്കറ്റ് നഷ്ടമില്ലാതെ 30 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് അഞ്ചാം ദിനം കളി തുടങ്ങിയത്. 60 റൺസെടുത്ത ബെൻ സ്റ്റോക്ക്സ്, 77 റൺസെടുത്ത സാക് ക്രാവ്ലി, 41 റൺസെടുത്ത ജോണി ബെയർസ്റ്റോ എന്നിവരൊഴികെ ഇംഗ്ലണ്ടിന്റെ മുൻനിര ബാറ്റ്സ്മാൻമാർ നിരാശപ്പെടുത്തി.
ജോണി ബെയർസ്റ്റോ പുറത്താകുമ്പോൾ എട്ടു വിക്കറ്റിന് 237 റൺസ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് ജാക്ക് ലീച്ചും സ്റ്റുവർട്ട് ബ്രോഡും പ്രതിരോധിച്ചുനിന്നു. 34 പന്തിൽ 26 റൺസെടുത്ത ജാക്ക് ലീച്ച് നൂറാം ഓവറിലെ അവസാന പന്തിൽ പുറത്തായപ്പോൾ ഇംഗ്ലണ്ടിന് പിടിച്ചുനിൽക്കേണ്ടത് രണ്ട് ഓവറായിരുന്നു. ഓസീസിന് വേണ്ടത് ഒരു വിക്കറ്റും. 35 പന്തിൽ എട്ടു റൺസോടെ ബ്രോഡും ആറു പന്തിൽ അക്കൗണ്ട് തുറക്കാതെ ആൻഡേഴ്സണും പുറത്താകാതെ നിന്നു. ഓസ്ട്രേലിയക്കായി സ്കോട്ട് ബോളണ്ട് മൂന്നു വിക്കറ്റും പാറ്റ് കമ്മിൻസ്, നഥാൻ ലിയോൺ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ ഉസ്മാൻ ഖവാജയുടെ സെഞ്ചുറി മികവിൽ രണ്ടാം ഇന്നിങ്സിൽ ആറിന് 265 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്ത ഓസീസ് ഇംഗ്ലീഷ് ബാറ്റർമാർക്ക് മുന്നിൽ വെച്ചത് 388 റൺസ് വിജയലക്ഷ്യമാണ്. രണ്ടാം ഇന്നിങ്സിൽ 86 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമായ ഓസീസിനെ ഭേദപ്പെട്ട സ്കോറിലേക്കെത്തിച്ചത് അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഖവാജ – കാമറൂൺ ഗ്രീൻ സഖ്യമാണ്.
179 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം പിരിഞ്ഞ ശേഷം അധികം വൈകാതെ ഓസീസ് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഗ്രീൻ 122 പന്തുകൾ നേരിട്ട് ഒരു സിക്സും ഏഴു ഫോറുമടക്കം 74 റൺസെടുത്തു. ഖവാജ 138 പന്തിൽ നിന്ന് 2 സിക്സും 10 ഫോറുമടക്കം 101 റൺസ് നേടി. മാർക്കസ് ഹാരിസ് (27), ഡേവിഡ് വാർണർ (3), മാർനസ് ലബുഷെയ്ൻ (29), സ്റ്റീവ് സ്മിത്ത് (23), അലക്സ് കാരി (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് നാലു വിക്കറ്റ് വീഴ്ത്തി. മാർക്ക് വുഡ് രണ്ടു വിക്കറ്റെടുത്തു. ആദ്യ ഇന്നിങ്സ് ഓസ്ട്രേലിയ എട്ടു വിക്കറ്റിന് 416 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 294 റൺസിന് പുറത്തായി. ഇതോടെ ഒന്നാമിന്നിങ്സിൽ ഓസീസ് 122 റൺസ് ലീഡ് നേടി. നേരത്തെ ആഷസിലെ ആദ്യ മൂന്നു ടെസ്റ്റിലും വിജയിച്ച് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിയിരുന്നു.