ന്യൂഡൽഹി: രണ്ടു നാൾ കഴിഞ്ഞ് ആരംഭിക്കുന്ന പരമ്പരക്കുള്ള ഇംഗ്ലീഷ് സംഘം ഹൈദരാബാദിൽ വിമാനമിറങ്ങി. ജനുവരി 25ന് രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ ആദ്യ ടെസ്റ്റോടെയാകും മത്സരങ്ങൾക്ക് തുടക്കമാകുക. വിസ പ്രശ്നങ്ങളിൽ കുരുങ്ങിയ ഓഫ് സ്പിന്നർ ശുഐബ് ബശീർ ഇംഗ്ലീഷ് സംഘത്തിനൊപ്പം ചേരാനാകാതെ യു.എ.ഇയിൽ കുടുങ്ങിക്കിടക്കുകയാണ്.ടീമിനൊപ്പം ഉടൻ ചേരുമെന്ന് ഇംഗ്ലീഷ് ക്യാമ്പ് പ്രതീക്ഷ പങ്കുവെക്കുന്നുണ്ടെങ്കിലും ആദ്യ മത്സരം ആരംഭിക്കുംമുമ്പ് നടപടികൾ പൂർത്തിയാകുമോ എന്ന് ഉറപ്പില്ല. ബശീറിന്റെ വരവ് വൈകിയാൽ ജാക് ലീച്ചും ടോം ഹാർട്‍ലിയുമടങ്ങുന്ന സംഘത്തിലാകും ആശ്രയം.കഴിഞ്ഞ ജൂണിൽ ഫസ്റ്റ് ക്ലാസിൽ അരങ്ങേറിയ 19കാരനായ ബശീർ അതിവേഗമാണ് ദേശീയ ടീമിൽ ഇടമുറപ്പിച്ചത്. കൗണ്ടി ചാമ്പ്യൻഷിപ്പിൽ 10 വിക്കറ്റെടുത്തിരുന്നു. സോമർസെറ്റിനായി കളിക്കുന്ന താരത്തിന്റെ മാതാപിതാക്കൾ പാക് വംശജരായതാണ് വില്ലനാകുന്നത്. ഇംഗ്ലീഷ് ടീം ഹൈദരാബാദിലേക്ക് തിരിക്കുംമുമ്പ് അബൂദബിയിൽ പരിശീലന ക്യാമ്പ് നടത്തിയിരുന്നു. അവിടെനിന്നാണ് ടീം ഹൈദരാബാദിലേക്ക് വിമാനം കയറിയത്.