തിരുവനന്തപുരം∙ തന്നെ പരിചയമില്ലെന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ പ്രസ്താവന നിഷേധിച്ച് സോളർ കേസിലെ പരാതിക്കാരിയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ. ഇ.പി.ജയരാജൻ തന്നെ കണ്ടിരുന്നുവെന്നും സോളർ കേസ് കത്തിച്ചുവിടണമെന്ന് ആവശ്യപ്പെട്ടെന്നും ഫെനി മാധ്യമങ്ങളോട് പറഞ്ഞു. ‘‘ഇ.പി.ജയരാജൻ ഫെനി ബാലകൃഷ്ണനെ കണ്ടിരുന്നുവെന്നും വാഗ്ദാനങ്ങൾ നൽകിയിരുന്നുവെന്നും പരാതിക്കാരി തന്നെ പറഞ്ഞിട്ടുണ്ട്. ഇ.പി.ജയരാജൻ എന്നെ കണ്ടിരുന്നു. പ്രദീപ് എന്ന ആളായിരുന്നു എന്നെ ആദ്യം ബന്ധപ്പെട്ടത്. ഇ.പി.ജയരാജനെ കാണാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചു.
ഞാൻ എങ്ങനെ കാണുമെന്ന് ചോദിച്ചപ്പോൾ ഞങ്ങൾ വന്ന് കൊണ്ടുപോയ്ക്കോളാം എന്നു പറഞ്ഞു.
അങ്ങനെ അദ്ദേഹത്തിന്റെ കാറിൽ ഹരിപ്പാട് പോയി. ഇപിയുടെ കയ്യിൽ അന്ന് ഒരു വെള്ള കളർ ഫോർച്യൂണർ ആണ് ഉണ്ടായിരുന്നത്. അദ്ദേഹം മുന്നിലും ഞാൻ പിന്നിലുമാണ് ഇരുന്നത്. അവിടെനിന്ന് വാഹനമോടിച്ച് കൊല്ലത്ത് ഒരു ഗസ്റ്റ് ഹൗസിലെത്തി. അവിടെ വച്ച് ഈ വിഷയം കത്തിച്ചു വിടണം, അതിനു വേണ്ടിയുള്ള കാര്യങ്ങൾ ചെയ്തു തരാം എന്നു പറഞ്ഞു. ഇതിന്റെ തെളിവുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ തരണമെന്ന് ഇപി ആവശ്യപ്പെട്ടു. എന്നാൽ പരാതിക്കാരിയോടെ ചോദിച്ചിട്ടേ തരാൻ കഴിയൂ എന്ന് ഞാൻ പറഞ്ഞു. ഇത് കത്തിച്ചു വിടണം, ഞങ്ങൾക്ക് അതുമാത്രമേയുള്ളൂ ഉദ്ദേശ്യം എന്നും പറഞ്ഞു.
പരാതിക്കാരിയോടെ ചോദിച്ചപ്പോൾ അതിനോടു താൽപര്യമില്ലെന്നാണു പറഞ്ഞത്. അതിനുശേഷം ഇ.പി.ജയരാജൻ ഫെനി ബാലകൃഷ്ണനെ വന്നു കണ്ടു, എനിക്കത് ‘റെഡിക്കുലസാ’ണെന്ന് തോന്നി എന്നു പറയുന്ന പരാതിക്കാരിയുടെ ഒരു വിഡിയോ മാധ്യമങ്ങളിൽ വന്നിരുന്നു. ഞാൻ ഒരു പുതിയ വെളിപ്പെടുത്തലൊന്നുമല്ല നടത്തുന്നത്.
ഇ.പി എന്ന വന്നു കണ്ട കാര്യം ഞാൻ നേരത്തെയും പറഞ്ഞിട്ടുണ്ട്. സിബിഐ കോടതിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്’’– ഫെനി ബാലകൃഷ്ണൻ പറഞ്ഞു. ഇ.പി.ജയരാജൻ തന്നെ കാറിൽ കൊല്ലത്തെ ഗെസ്റ്റ് ഹൗസിലേക്കു കൊണ്ടുപോയതായും ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാനുള്ള സഹായം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഫെനി ഇന്നലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഫെനി ബാലകൃഷ്ണനെ പരിചയമില്ലെന്നും കൊല്ലം ഗെസ്റ്റ് ഹൗസിൽ താമസിച്ചിട്ടില്ലെന്നുമാണ് ഇപി പറഞ്ഞത്. പിന്നാലെ പാർട്ടി സമ്മേളനത്തിന്റെയും പിണറായി നയിച്ച ജാഥയുടെയും സമയത്താണു ആകെ കൊല്ലം ഗെസ്റ്റ് ഹൗസിൽ താമസിച്ചതെന്നും ഇപി വിശദീകരിച്ചു. ഫെനി ബാലകൃഷ്ണനു പിന്നിൽ ആരോ ഉണ്ടെന്നും ഇപി പറഞ്ഞു.