കൊച്ചി: അനധികൃതമെന്ന് കണ്ടെത്തി ഒഴിപ്പിക്കപ്പെട്ട തെരുവുകച്ചവടക്കാർ നഗരത്തിൽ കച്ചവടം തുടരുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈകോടതി. മതിയായ ലൈസൻസോ രേഖകളോ ഇല്ലാത്തതിനാൽ പുറത്താക്കപ്പെട്ടവർ വീണ്ടുമെത്തി തെരുവുകച്ചവടം തുടരുന്നുണ്ടെന്ന് അമിക്കസ് ക്യൂറിമാർ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരുടെ ഉത്തരവ്.കൊച്ചി നഗരത്തിലെ വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്. ഹരജികൾ വീണ്ടും ആഗസ്റ്റ് അഞ്ചിനു പരിഗണിക്കാൻ മാറ്റി.
വഴിയോരക്കച്ചവടങ്ങൾ നിരീക്ഷിക്കാൻ ചുമതലയുള്ള മോണിറ്ററിങ് കമ്മിറ്റിയാണ് ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചത്. എന്നാൽ, ഇവർ വീണ്ടും കച്ചവടവുമായി എത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കണം. ഇതിന് വാർഡുതല ജാഗ്രത സമിതികൾക്ക് നിർദേശം നൽകണം. ഇവർ അനധികൃത കച്ചവടം നടത്തുന്നുണ്ടെങ്കിൽ ജാഗ്രത സമിതികൾ മോണിറ്ററിങ് കമ്മിറ്റിക്ക് റിപ്പോർട്ട് നൽകുകയും വിവരം ലഭിച്ചാലുടൻ നടപടിയെടുക്കുകയും വേണം.
കഴിഞ്ഞ ദിവസം ഹൈകോടതി ഹരജികൾ പരിഗണിച്ചപ്പോൾ വഴിയോരക്കച്ചവട സംരക്ഷണ നിയന്ത്രണ നിയമ പ്രകാരമുള്ള ബൈലോ അന്തിമമാക്കിയെന്നും മൂന്നു ദിവസത്തിനകം ഇത് തദ്ദേശ ഭരണ വകുപ്പിന്റെ അംഗീകാരത്തിനായി നൽകുമെന്നും കൊച്ചി നഗരസഭയുടെ അഭിഭാഷകൻ അറിയിച്ചു.ജൂലൈ 21വരെയുള്ള കണക്കനുസരിച്ച് വഴിയോരക്കച്ചവടത്തിനുള്ള ലൈസൻസ് ലഭിക്കാൻ അർഹതയുണ്ടെന്ന് കണ്ടെത്തിയവരിൽ 2496 പേർക്ക് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. സർട്ടിഫിക്കറ്റിന് യോഗ്യതയുണ്ടെന്ന് കണ്ടെത്തിയവരിൽ 667 പേർ ഇനിയും സർട്ടിഫിക്കറ്റുകളോ രേഖകളോ ഹാജരാക്കിയിട്ടില്ല.
ഇവരുടെ പേരുവിവരങ്ങൾ നഗരസഭ വെബ്സൈറ്റിലും നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വഴിയോരക്കച്ചവടത്തിന് അർഹതയുള്ളവരുടെ പട്ടികയിൽനിന്ന് ഇവരുടെ പേരുകൾ നീക്കം ചെയ്യാൻ നടപടി തുടങ്ങിയെന്നും നഗരസഭ വിശദീകരിച്ചു. ലൈസൻസ് നിരസിച്ചവരിൽ 35 പേരുടെ അപ്പീലുകൾ ജൂലൈ 19ന് പരിഗണിച്ചപ്പോൾ 30 പേർ ഹാജരായെന്നും ഇവരുടെ അപ്പീലുകളിൽ ഉത്തരവിറക്കിയെന്നും നഗരസഭ വ്യക്തമാക്കി.150 പേരുടെ അപ്പീലുകൾ ജൂലൈ 27ന് പരിഗണിക്കും. ലൈസൻസിനായി പുതുതായി അപേക്ഷ നൽകിയ 35 പേരുടെ കാര്യത്തിൽ ജൂലൈ 27ന് ചേരുന്ന ടൗൺ വെൻഡിങ് കമ്മിറ്റി യോഗം തീരുമാനമെടുക്കുമെന്നും നഗരസഭ ഹൈകോടതിയിൽ അറിയിച്ചു.