കണ്ണൂര്‍: വിമാന വിലക്കിൽ ഇൻഡിഗോ പ്രതിനിധി ക്ഷമാപണം നടത്തിയിരുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എന്നാല്‍, ക്ഷമാപണം എഴുതി തരാത്തത് കൊണ്ടാണ് വിമാനത്തിൽ യാത്ര ചെയ്യാത്തതെന്ന് ഇപി ജയരാജൻ പറഞ്ഞു. വിമാനത്തേക്കാൾ ട്രെയിനിൽ യാത്ര ചെയ്യുന്നതാണ് സുഖം. സാമ്പത്തിക ലാഭം, ആരോഗ്യ ലാഭം, നല്ല ഉറക്കവും കിട്ടുമെന്നും ഇപി ജയരാജൻ കണ്ണൂരില്‍ പറഞ്ഞു.
ഇൻഡിഗോ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് അവസാനിച്ചെങ്കിലും ക്ഷമാപണം എഴുതി തരാത്തതിനാല്‍ ഇൻഡിഗോയിൽ യാത്രയില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഇടതുമുന്നണി കൺവീനര്‍ ഇ പി ജയരാജൻ. വിമാനത്തിൽ നടന്ന അസാധാരണ പ്രതിഷേധങ്ങളുടെ പേരിലാണ് ഇ പി ജയരാജനും യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇൻഡിഗോ വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞ ജൂണ്‍ 13 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ചിരുന്ന വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തപ്പോഴുണ്ടായ സംഭവത്തിലായിരുന്നു ഇന്‍ഡിഗോയുടെ നടപടി. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അവരെ തള്ളി വീഴ്ത്തിയ ജയരാജന്‍റെയും മൊഴി കമ്പനി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് നേരയുള്ള ആക്രമണത്തെ പ്രതിരോധിക്കുകയായിരുന്നുവെന്ന വാദമാണ് ജയരാജന്‍ ഉന്നയിച്ചത്. എന്നാല്‍ പ്രതിഷേധ മുദ്രാവാക്യം വിളിക്കുകമാത്രമേ ചെയ്തിട്ടുള്ളൂവെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ വാദം.
ഇരുകൂട്ടരുടെയും മൊഴി പരിശോധിച്ച റിട്ട. ജഡ്ജി ആര്‍ എസ് ബസ്വാന അധ്യക്ഷനായ സമിത യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച വിലക്കും അവരെ കയ്യേറ്റം ചെയ്ത ഇ പി ജയരാജന് മൂന്നാഴ്ചത്തെ വിലക്കുമായിരുന്നും ഇൻഡിഗോ ഏര്‍പ്പെടുത്തിയിരുന്നത്. ഇതോടെയാണ് ഇൻഡിഗോയിൽ ഇനി യാത്ര ചെയ്യില്ലെന്ന് ഇടതുമുന്നണി കൺവീനര്‍ പ്രഖ്യാപിക്കുകയായിരുന്നു.