കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂരിൽ പര്യടനം തുടരുമ്പോൾ യാത്രയിൽ നിന്നും വിട്ടു നിന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കണ്ണൂരിലെ ജാഥ സ്വീകരണ കേന്ദ്രങ്ങളിലൊന്നും ഇതുവരെ ഇപി ജയരാജൻ എത്തിയിട്ടില്ല. യാത്രയുടെ ഉദ്ഘാടന പരിപാടിയിൽ നിന്നും ഇപി വിട്ടുനിന്നിരുന്നു. എന്നാൽ വരും ദിവസങ്ങളിൽ ഇപി ജാഥയിൽ പങ്കെടുക്കുമെന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് എംവി ഗോവിന്ദൻ വ്യക്തമാക്കിയത്. ഇപി ജയരാജന് ജാഥയിൽ നിന്നും വിട്ടുനിൽക്കേണ്ട സാഹചര്യമില്ലെന്നും ഗോവിന്ദൻ വിശദീകരിച്ചു. എന്നാൽ ഇപിയുടെ നാട്ടിലൂടെയടക്കം ജാഥ കടന്നു പോകുമ്പോൾ മുതിർന്ന നേതാവ് വിട്ടു നിൽക്കുന്നതിന് കൃത്യമായ വിശദീകരണം നൽകാൻ പാർട്ടിക്ക് സാധിക്കുന്നില്ല.
കോടിയേരിയുടെ മരണത്തിന് ശേഷം തന്നെ തഴഞ്ഞ് എംവി ഗോവിന്ദനെ പാർട്ടി സംസ്ഥാന സെക്രട്ടറിയാക്കിയതിൽ ഇപിക്ക് അതൃപ്തി ഉണ്ടായിരുന്നു. അതിനു ശേഷം പാർട്ടി പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമല്ല. പാർട്ടി സെൻ്ററിൽ നിന്നും വിട്ടു നിന്ന അദ്ദേഹത്തെ വീണ്ടും രംഗത്തിറക്കാൻ മുഖ്യമന്ത്രിയടക്കം ഇടപെട്ടെങ്കിലും സജീവ രാഷ്ട്രീയത്തിൽ നിന്നും താൻ പിന്മാറുകയാണെന്ന തരത്തിലാണ് ഇപി ജയരാജൻ അനൗദ്യോഗികമായി പ്രതികരിക്കുന്നത്.
അതേസമയം ജനകീയ പ്രതിരോധജാഥയുടെ ഭാഗമായി ഇന്ന് രാവിലെ 8.30ന് കണ്ണൂർ പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് ഹാളിൽ പൗര പ്രമുഖരുമായി എംവി ഗോവിന്ദൻ്റെ സൗഹൃദ ചർച്ചയുണ്ട്. പിന്നീട് പതിവ് വാർത്താ സമ്മേളനം നടക്കും. രാവിലെ 10ന് പിണറായി, 11ന് തലശേരി, വൈകിട്ട് മൂന്ന് മണിക്ക് ഇരിട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ വയനാട് ജില്ലയിലേക്ക് പ്രവേശിക്കും. ജമാഅത്തെ ഇസ്ളാമി ആർഎസ്എസ് ചർച്ച യുഡിഎഫിന്റെ തിരക്കഥയെന്ന വാദം ഉയർത്തി, രാഷ്ട്രീയ ചർച്ചകൾ ഈ വിവാദത്തിലേക്ക് കേന്ദ്രീകരിക്കാനാണ് ശ്രമം. അതേസമയം മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ക്ലിഫ്ഹൗസിലേക്കടക്കം വ്യാപിപ്പിച്ച് സർക്കാരിനെയും സിപിഎമ്മിനേയും പ്രതിരോധത്തിലാക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം.