കോഴിക്കോട്: മൈക്ക് തകരാറായത് അന്വേഷിക്കണ്ടെ, അതിൽ എന്താണ് തെറ്റെന്ന് എൽഡിഎഫ് കണ്‍വീനർ ഇപി ജയരാജൻ. മൈക്ക് വിഷയത്തിൽ വികൃതമായി പ്രചരണം നടത്തുകയാണ്. വിഐപി സെക്യൂരിറ്റി ചട്ടപ്രകാരം ഉള്ള നടപടി മാത്രമാണ് പൊലീസ് ചെയ്തത്. ആരെയും പ്രതി ആക്കിയില്ല. സുധാകരൻ ഉള്ളപ്പോൾ എങ്ങനെയാണ് സമാധാനത്തോടെ നടക്കുക. ഇങ്ങനെ ഉള്ളപ്പോൾ ഞങ്ങളുടെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളും. കോൺഗ്രസ്സ് സ്വയം സൂക്ഷിച്ചാൽ അവർക്ക് നല്ലതെന്നും ജയരാജൻ പറഞ്ഞു. ഉമ്മൻചാണ്ടി അനുസ്മരണത്തിലെ മൈക്ക് തകരാറായ വിഷയത്തിൽ കേസെടുത്തതിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയരാജൻ.
ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ കോൺഗ്രസ്സ് എന്താണ് കാട്ടിക്കൂട്ടിയത്. കെപിസിസി പ്രസിഡൻ്റ് എഴുതി വായിച്ചത് എന്താണ്. ആ രീതിയിൽ മറുപടി പറയാൻ ആർക്കും അറിയാഞ്ഞിട്ടല്ല. മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങുമ്പോൾ പോലും മുദ്രാവാക്യം വിളിച്ച് ബഹളം ഉണ്ടാക്കി. ഉമ്മൻചാണ്ടിയെ കളങ്കപ്പെടുത്താൻ കോൺഗ്രസ്സ് തന്നെ ശ്രമിക്കുകയാണ്. വിഐപി പ്രസംഗിക്കുമ്പോൾ അതിനുള്ള ചട്ടങ്ങൾ, നിയമങ്ങൾ ഒക്കെ ഉണ്ട്. നിസ്സാര സംഭവം ഉണ്ടെങ്കിൽ പോലും അന്വേഷിച്ച് റിപ്പോർട്ട് നൽകണം എന്നാണ് നിയമം. പക്വതയോടെ മുഖ്യമന്ത്രി പ്രസംഗിച്ചു. ഉന്നത നിലവാരം ഉള്ള പ്രസംഗമായിരുന്നു മുഖ്യമന്ത്രിയുടേതെന്നും ജയരാജൻ പറഞ്ഞു.
രാജ്യത്ത് ശിഥിലീകരണം ശക്തമാകുകയാണ്. നിലനിൽപ്പ് ചോദ്യം ചെയ്യുന്ന സംഭവങ്ങൾ ഉണ്ടാകുന്നു. മണിപ്പൂരിലേത് ഉണ്ടാക്കി എടുത്ത കലാപമാണ്. മണിപ്പൂരിൽ വന മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ മാഫിയ ശ്രമിക്കുന്നു. മണിപ്പൂരിലെ മയക്കുമരുന്നു മാഫിയക്ക് ബിജെപിയുമായും ആർഎസ്എസുമായും ബന്ധമുണ്ട്. കുക്കികളും മെയ്ത്തികളും തമ്മിൽ ഭിന്നിപ്പിക്കാനാണ് രാഷ്ട്രീയ ശ്രമം. കലാപം കേന്ദ്ര സർക്കാർ നോക്കി നിൽക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയായിരുന്നു. ഇതിലുള്ള പക വീട്ടുകയാണ് ബിജെപി. വിവാദ വനനിയമം പാസ്സാക്കാൻ ബിജെപി ശ്രമിക്കുന്നു. 8 സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തു എന്ന റിപ്പോർട്ടുകൾ ആണ് മണിപ്പൂരിൽ നിന്ന് വരുന്നത്. വേട്ടയാടപ്പെട്ട ആളുകൾ പരാതി നൽകിയിട്ടും പൊലീസ് നോക്കി നിൽക്കുന്നു. ഇതെന്ത് രാഷ്ട്രം. ലോക രാജ്യങ്ങൾ ഇന്ത്യയെ ഓർത്ത് തല കുനിക്കുകയാണ്. ഈ ഇന്ത്യ സൃഷ്ടിക്കാൻ ആണോ നമ്മൾ സ്വാതന്ത്ര്യം നേടിയത്. ഗുജറാത്തിൽ സമാന രീതിയിൽ വംശീയ കലാപം നടത്തി. തുടർന്നാണ് അവിടെ അധികാരം ബിജെപി ഉറപ്പിച്ചത്. ഗുജറാത്തിൽ കോൺഗ്രസ്സ് ദുർബലമായി. മണിപ്പൂർ രാജ്യം മുഴുവൻ വ്യാപിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു.
ആലപ്പുഴയിലെ ബിജെപി -എസ്ഡിപിഐ കൊലപാതകം നേരെത്തെ എടുത്ത തയ്യാറെടുപ്പ് പ്രകാരമാണ്. ഇടത് മുന്നണി ഉള്ളത് കൊണ്ട് മാത്രമാണ് അന്ന് ആലപ്പുഴ കത്താതെ ഇരുന്നത്. പാലക്കാട്ടും സമാന രീതിയിൽ കലാപത്തിന് കോപ്പ് കൂട്ടി. മുഖ്യമന്ത്രിയെയും കുടുംബത്തെയും വ്യക്തിഹത്യ നടത്തി രക്ഷപ്പെടാൻ പ്രതിപക്ഷം ശ്രമിക്കുകയാണ്. അവർക്ക് എതിരെ ഉള്ള അഴിമതി ആരോപണം തിരിച്ച് വിടാനാണിത്. ആരും രക്ഷപ്പെടില്ല. പണ്ട് കണ്ണൂർ ഡിസിസി ഓഫീസിൻ്റെ മറവിൽ ആയിരുന്നു ബോംബ് നിർമ്മാണം. ഇന്നത് തിരുവനന്തപുരത്തേക്ക് മാറി. എകെജി സെൻ്ററിൽ ബോംബ് ആക്രമണം നടത്തിയത് ഇതിൻ്റെ തുടർച്ചയാണ്. ഗാന്ധിജിയുടെ അണികൾ അല്ല ഇന്ന് കോൺഗ്രസ്സ് നയിക്കുന്നത്.
ഇതെല്ലാം അണികൾ തിരിച്ചറിയണമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.