തിരുവനന്തപുരം: വിമാനത്തിനകത്ത് ആസൂത്രിതമായി മുഖ്യമന്ത്രിയെ ആക്രമിച്ച് വാർത്തയുണ്ടാക്കാനുള്ള ശ്രമമായിരുന്നു നടന്നതെന്ന് ആവർത്തിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വിഷയം പരിശോധിച്ച റിട്ടയേർഡ് ജഡ്ജി അടക്കമുള്ള മൂന്നംഗ സമിതിക്ക് തെറ്റുപറ്റി. തന്നെ വിലക്കുന്നതിന് പകരം പുരസ്കാരം നൽകുകയാണ് ഇന്റിഗോ ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘എന്റെ ഭാഗത്ത് പിശകില്ല. അതിനകത്ത് (വിമാനത്തിൽ) യൂത്ത് കോൺഗ്രസുകാര് 7, 8 സീറ്റുകളിലായിരുന്നു. മറ്റൊരാൾ മൗനം ദീക്ഷിച്ചായിരുന്നു. ഞാൻ ഇരുന്നത് 18 ലും മുഖ്യമന്ത്രി 20ലുമായിരുന്നു. ലാന്റ് ചെയ്ത ഉടൻ ഇവർ ചാടിയെഴുന്നേറ്റു. ഞാൻ രണ്ട് സീറ്റ് പിടിച്ച് നിന്നത് കൊണ്ട് മുഖ്യമന്ത്രിക്കടുത്തേക്ക് അവർക്ക് എത്താനായില്ല. അവരുടെ വിമാനത്തിൽ അക്രമം ചെയ്യാൻ വന്നവരെ അതിന് സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ചതിനെ എനിക്ക് പുരസ്കാരം നൽകുകയായിരുന്നു വേണ്ടത്.’
‘മാനസിക രോഗികൾ കുറേയുണ്ട്. ചിന്താ കുഴപ്പമുള്ളവരും പ്രാന്തന്മാരും കുറേയുണ്ട്. അവരാണ് ട്രോളുകൾ ഉണ്ടാക്കുന്നത്. ഇന്റിഗോ എന്നെ ബഹിഷ്കരിച്ചു, അവരെ ഞാനും ബഹിഷ്കരിച്ചു. അവരോട് നടപടി തിരുത്താൻ ഞാൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹീന്ന് മാധ്യമപ്രവർത്തകരാണ് വിമാനത്തിലെ വിലക്ക് സംബന്ധിച്ച് ആദ്യം അറിയിച്ചത്. എന്നാൽ എനിക്ക് ഇക്കാര്യത്തിൽ യാതൊരു വിവരവും ലഭിച്ചില്ലായിരുന്നു. പിന്നീട് പരിശോധിച്ചപ്പോഴാണ് ബാൻ ഉണ്ടെന്ന് മനസിലായത്.’
‘എനിക്കനുകൂലമായേ ആരും പറയൂ. ഞാൻ ചെയ്തത് ശരിയാണ്. കോൺഗ്രസിന്റെ ഡൽഹീലുള്ള എംപിമാർ ക്രിമിനലുകളെ സംരക്ഷിക്കാൻ കത്തയച്ചു. ഞാൻ ആരാണെന്നൊന്നും പരിശോധിക്കാൻ അവർ തയ്യാറായില്ല. അഡ്വ പാരിപ്പള്ളി കൃഷ്ണകുമാരിയെയാണ് ഈ പ്രശ്നവുമായി ബന്ധപ്പെട്ട കാര്യം കൈകാര്യം ചുമതലപ്പെടുത്താൻ നിയമിച്ചത്. റിട്ടയേർഡ് ജഡ്ജി അടങ്ങിയ മൂന്നംഗ സമിതിയാണ് റിപ്പോർട്ട് നൽകിയത്.’
‘കോൺഗ്രസുകാർ നിലവാരമില്ലാത്തവരാണ്. എന്തും വിളിച്ചുപറയും, കുറച്ച് കഴിയുമ്പോ മാപ്പ് പറയും. അവർ പറയുന്നതിനൊന്നും മറുപടിയില്ല. ശബരിനാഥനെതിരെ വ്യക്തമായ തെളിവുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ വിമാനത്തിനകത്ത് കഠാര പോലുള്ള വല്ലതും കടത്താൻ ശ്രമിച്ചോയെന്ന് പരിശോധിക്കണം’- ഇപി ജയരാജൻ പറഞ്ഞു.