തിരുവനന്തപുരം : ലോകായുക്ത ഓർഡിനൻസ് അടക്കം 11 ഓർഡിനൻസുകൾ അസാധുവായതുകൊണ്ട് സംസ്ഥാനത്ത് ഭരണ സ്തംഭനാവസ്ഥയില്ലെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ഓർഡിനൻസുകളിൽ ഒപ്പിടാത്ത സമീപനം സ്വീകരിച്ച ഗവർണറോട് ഏറ്റുമുട്ടൽ സമീപനം സർക്കാർ സ്വീകരിച്ചിട്ടില്ല. അസാധാരണ സാഹചര്യം സാധാരണ സാഹചര്യമായി തീരും. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കും. ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതതെന്നും എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. കോഴിക്കോട് മേയർ ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതിനെ കുറിച്ച് ജില്ലാ കമ്മറ്റി പരിശോധിക്കുമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. സംസ്ഥാന പാർട്ടിയും ആവശ്യമായ നിർദേശവും ഇടപെടലും നടത്തുമെന്നും ഇ പി ജയരാജൻ പറഞ്ഞു.
എ. കെ. ജി സെന്റർ ആക്രമണത്തെ കുറിച്ച് സമർഥരായ ഉദ്യോഗസ്ഥരെ വച്ച് സർക്കാർ അന്വേഷിക്കുകയാണ്. കൊലപാതക കേസുകളിലെ പ്രതികളെ പോലും അതിവേഗം പിടിക്കുന്ന പൊലീസ് സംവിധാനമാണ് ഇവിടെ ഉള്ളത്. എന്നാൽ സമർഥരായ കുറ്റവാളികളാണ് എ കെ ജി സെന്റർ ആക്രമണത്തിന് പിന്നിലുള്ളത്.അതുകൊണ്ട് പിടികൂടാൻ സമയം എടുത്തേക്കും. എ കെ ജി സെന്റർ ആക്രമണത്തെ കുറിച്ച് സ്ഥിരമായി ഇങ്ങനെ ചോദിച്ചാൽ ചോദ്യത്തിന് നിലവാരമില്ലാതാകുമെന്നും എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പ്രതികരിച്ചു