തിരുവനന്തപുരം : കെ.വി തോമസ് വിഷയത്തിൽ പ്രതികരണവുമായി മുൻമന്ത്രി ഇ.പി ജയരാജൻ. തോമസ് കോൺഗ്രസ് വിടണമോ എന്നത് വ്യക്തി തീരുമാനമാണ്. നേതാക്കളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നത്ത് കോൺഗ്രസ് ശൈലിയാണ്. ഇതാണ് കോൺഗ്രസെന്നും തന്നെ വെടിവെക്കാൻ ആളെ ഇറക്കിയവനല്ലേ പാർട്ടിയുടെ നേതാവെന്നും ജയരാജൻ പറഞ്ഞു. പൊതുജനം സിപിഐഎമ്മിനെ സ്നേഹിക്കുന്നു. മറ്റ് പാർട്ടിയിലെ നേതാക്കളും ഇതിൽ ഉൾപ്പെടും. പല നേതാക്കളുടെയും ഇപ്പോഴത്തെ സ്ഥിതി പരിഗണിച്ച് സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ സാധ്യതയുണ്ട്. മഴപെയ്യുമ്പോൾ കുട പിടിക്കാമെന്നും ആരൊക്കെ വരുമെന്ന് നോക്കാമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.
നേരത്തെ വിഷയത്തിൽ പ്രതികരണവുമായി സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ രംഗത്തെത്തിയിരുന്നു. സിപിഐഎമ്മിന്റെ ക്ഷണം ഇതുവരെ നിരസിച്ചിട്ടില്ല എന്നതിനാല്‍ സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് എം വി ജയരാജന്‍. തന്റെ നിലപാട് വ്യക്തമാക്കാന്‍ കെ വി തോമസ് രാവിലെ 11 മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജയരാജന്റെ പ്രതികരണം. നെഹ്‌റുവിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസുകാര്‍ കെ വി തോമസിനെ തടയരുതെന്നും എം വി ജയരാജന്‍ ഓര്‍മിപ്പിച്ചു.