തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന വിവാദത്തില്‍ എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍ വെള്ളിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുത്ത് വിശദീകരണം നല്‍കും. കേരളത്തില്‍ വിഷയം പരിശോധിക്കാനുള്ള പി ബി നിർദ്ദേശത്തെ തുടര്‍ന്നാണിത്. സംസ്ഥാനത്ത് പരിശോധന നടത്തിയ ശേഷം കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും.
കണ്ണൂരിലെ വൈദീകം റിസോര്‍ട്ട് വിവാദം ശക്തമാകുമ്പോള്‍ ഇതാദ്യമായാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ഇ പി ജയരാജന്‍ പ്രതികരിക്കുന്നത്. തിരുവനന്തപുരത്ത് പോകുന്നതിൽ എന്താണ് പ്രശ്നം, താൻ കേരളം മുഴുവൻ യാത്ര ചെയ്യുന്ന ആളാണെന്നായിരുന്നു ഇ പി ജയരാജന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വൈദീകം റിസോര്‍ട്ട് വിവാദം ചര്‍ച്ച ചെയ്യും. സെക്രട്ടറിയേറ്റില്‍ പങ്കെടുത്ത് വിശദീകരണം നല്‍കാനാണ് ഇ പി ജയരാജന്‍റെ തീരുമാനം. പി ജയരാജന്‍ ഇതുവരെ പരാതി എഴുതി നല്‍കിയിട്ടില്ല. എന്നാല്‍ വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇക്കാര്യം പരിശോധിക്കണമെന്ന നിലപാടിലാണ് സിപിഎം കേന്ദ്ര നേതാക്കള്‍. സംസ്ഥാനത്ത് തന്നെ ഈ വിഷയം പരിശോധിക്കാനുള്ള നിര്‍ദ്ദേശമാണ് ദില്ലിയില്‍ തുടരുന്ന പോളിറ്റ് ബ്യൂറോ യോഗം നല്‍കിയിരിക്കുന്നത്.
കേന്ദ്ര നേതൃത്വം കൂടി ഇടപെട്ട പശ്ചാത്തലത്തിലാണ് ഇ പി ജയരാജനും വിശദീകരണം നല്‍കാന്‍ തീരുമാനിച്ചതെന്നാണ് സൂചന. സംസ്ഥാനത്ത് ആവശ്യമെങ്കില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് കൈമാറുമെന്ന് കേന്ദ്ര നേതാക്കള്‍ സൂചിപ്പിച്ചു. അന്വേഷണ കമ്മീഷന്‍ ആവശ്യമാണോയെന്ന് സംസ്ഥാന ഘടകത്തിന് തീരുമാനിക്കാം. വിഷയം തണുപ്പിക്കാനുള്ള നീക്കമാണ് സംസ്ഥാന നേതൃത്വത്തില്‍ ഇന്നലെ മുതല്‍ കാണുന്നത്. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായതിനാല്‍ അവഗണിച്ച് പോകാനാവില്ലെന്നാണ് പല കേന്ദ്ര നേതാക്കളുടെയും നിലപാട്. സംസ്ഥാന ഘടകത്തില്‍ എന്ത് നീക്കമുണ്ടാകുമെന്ന് നിരീക്ഷിച്ച ശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്ന സൂചനയാണ് കേന്ദ്ര നേതൃത്വം നല്‍കുന്നത്.